ശബരിമലയിലെ ദേവപ്രശ്‌നം സമാപിച്ചു; വരുമാനത്തിന്റെ ഒരു ഭാഗം ധര്‍മപ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന് ദേവഹിതം

Monday 18 June 2018 1:41 am IST
സന്നിധാനത്ത് ഹോമകുണ്ഡത്തിനു സമീപമുള്ള ഗണപതിയുടെ മൂര്‍ത്തിയെ മാളികപ്പുറത്തു ക്ഷേത്രം പണിതു പ്രതിഷ്ഠിക്കണമെന്നു ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. അധികാരികള്‍ക്കു തന്നെ മൃത്യുദോഷം കാണുന്നതിനാല്‍ ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും പ്രായശ്ചിത്ത പരിഹാരങ്ങള്‍ ചെയ്യണം. പേട്ടതുള്ളലില്‍ പങ്കാളികളായ ആലങ്ങാട്ടു സംഘത്തിലെ ഉള്‍പ്പോര് ഭഗവാന് ഏറെ കോപമുണ്ടാക്കിയിട്ടുണ്ട്.

ശബരിമല: സന്നിധാനത്തെ വരുമാനത്തിന്റെ ഒരുഭാഗം സാധുജന സംരക്ഷണത്തിനും ധര്‍മ്മ കര്‍മ്മങ്ങള്‍ക്കും വിനിയോഗിക്കണമെന്ന് അയ്യപ്പ ഭഗവാന്‍ ആഗ്രഹിക്കുന്നതായി ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. പോരായ്മകളുണ്ടായിട്ടും തുണയായ പൊന്നമ്പലമേട്ടിലെ ചൈതന്യത്തെ എല്ലാ പൂജകള്‍ക്കും മുന്നോടിയായി തന്ത്രിയും മേല്‍ശാന്തിയും വണങ്ങണം. പമ്പയില്‍ ഗണപതിക്കുള്ള പൂജകളിലും അശ്രദ്ധയുണ്ടാകുന്നു. മറ്റു ദേവതകള്‍ക്കൊന്നും പൂജയുമില്ല. ശ്രീരാമന്റെ പേരില്‍ അറിയപ്പെടുന്ന സ്ഥലമായതിനാല്‍ ഈ അവഗണനയില്‍ ദേവനും കോപിഷ്ടനാണ്. അവിടെ പ്രത്യേക ദേവപ്രശ്‌നം നടത്തി പരിഹാരം കാണണം. വിശേഷ നിവേദ്യാദികളോടെ തന്ത്രി തന്നെ പൂജ നടത്തി എത്രയും വേഗം എല്ലാം പരിഹരിക്കാമെന്ന് ഭഗവാനോടു പ്രാര്‍ത്ഥിക്കണം.

സന്നിധാനത്ത് ഹോമകുണ്ഡത്തിനു സമീപമുള്ള ഗണപതിയുടെ മൂര്‍ത്തിയെ മാളികപ്പുറത്തു ക്ഷേത്രം പണിതു പ്രതിഷ്ഠിക്കണമെന്നു ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. അധികാരികള്‍ക്കു തന്നെ മൃത്യുദോഷം കാണുന്നതിനാല്‍ ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും പ്രായശ്ചിത്ത പരിഹാരങ്ങള്‍ ചെയ്യണം. പേട്ടതുള്ളലില്‍ പങ്കാളികളായ ആലങ്ങാട്ടു സംഘത്തിലെ ഉള്‍പ്പോര് ഭഗവാന് ഏറെ കോപമുണ്ടാക്കിയിട്ടുണ്ട്. അതു പരിഹരിച്ച്, ദേവസ്വം അധികാരികളുടെയൊപ്പം ഭഗവാന്റെ മുന്നില്‍ തന്ത്രിയുടെ സാന്നിധ്യത്തില്‍ ഇരുകൂട്ടരും വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തണം.

ദേവനെ കച്ചവടത്തിനുള്ള ഉപാധിയാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങളിലും ഭക്തരോട് പോലീസ്, ക്ഷേത്ര ജീവനക്കാര്‍ ഉള്‍പ്പെടെ മോശമായി പെരുമാറുന്നതും ഭഗവാനെ ഏറെ ദുഃഖിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള നിര്‍മ്മാണങ്ങള്‍ മാറ്റണം. അവിടെ നിവേദ്യമൊരുക്കാനും പൂജാദി കാര്യങ്ങള്‍ക്കൊരുക്കാനും കൂടുതല്‍ സൗകര്യം ഉണ്ടാക്കണം.

       ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അവരുടെ പിഴവുകള്‍ക്കു പരിഹാരമായി സ്വന്തം പണമുപയോഗിച്ച് സന്നിധാനത്തും മാളികപ്പുറത്തും വെള്ളി വളയും ദീപസമര്‍പ്പണവും നടത്തണം. സര്‍പ്പനാശത്തിനു മണ്ണാറശാലയിലും പാമ്പുമ്മേക്കാവിലും പ്രായശ്ചിത്തവും സര്‍പ്പബലിയും നടത്തണം. സന്നിധാനത്തെ ഗോശാല മാറ്റിസ്ഥാപിക്കണമെന്നും ദേവപ്രശ്‌ന ചിന്തയില്‍ വിധിയുണ്ടായി. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയുടെ നേതൃത്വത്തില്‍ 15 ന് ആരംഭിച്ച ദേവപ്രശ്‌ന ചടങ്ങുകള്‍ ഇന്നലെ സമാപിച്ചു. പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട നാളെ അടയ്ക്കും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.