മുന്‍ ഉത്തരവുകള്‍ അട്ടിമറിച്ചു; പോലീസ് ദാസ്യവേലയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍

Monday 18 June 2018 1:42 am IST

തിരുവനന്തപുരം: പോലീസ് ദാസ്യവേലയുമായി ബന്ധപ്പെട്ട്  കൂടുതല്‍ പരാതികള്‍ ഡിജിപിക്ക് ലഭിച്ചു. ക്യാമ്പ് ഫോളവേഴ്‌സിന്റെ കണക്കെടുക്കാന്‍ ഉത്തരവ് നല്‍കിയതിനു പിന്നാലെ  ദിവസക്കൂലിക്കാരായ രണ്ട് പോലീസുകാര്‍ കൂടി ഡിജിപിക്ക് പരാതി നല്‍കി. ആംഡ് പോലീസ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി. രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍സ് പാകാനായി നാല് പേരെ നിയോഗിച്ചെന്നാണ് പരാതി. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും  പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജുവിനെതിരെ  മുമ്പ് ആരോപണം ഉയര്‍ന്നെങ്കിലും പരാതി ലഭിച്ചിരുന്നില്ല. 

ഇതിനിടെ, ഡിജിപിയുടെ കണക്കെടുപ്പ് ഉത്തരവിനു പിന്നാലെ നടപടി ഭയന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ തങ്ങളുടെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചിരുന്നവരെ തിരികെ ക്യാമ്പുകളിലേക്ക് അയച്ചു. തിരുവനന്തപുരത്ത് വിവിധ പോലീസ് ഓഫീസര്‍മാര്‍ ഇതിനകം പത്ത് പേരെ  ക്യാമ്പിലേക്ക് അയയ്ച്ചു.

ദാസ്യവേലയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ഉത്തരവുകള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അവഗണിച്ചു. ക്യാമ്പ് ഫോളവേഴ്‌സിനെ ദാസ്യപ്പണികള്‍ക്ക് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപിമാരും ഉത്തരവ് ഇറക്കിയിരുന്നു. രമണ്‍ ശ്രീവാസ്തവ 2006ലും സെന്‍കുമാര്‍ 2015ലും ഉത്തരവ് നല്‍കിയിരുന്നു. ക്യാമ്പ് ഫോളവേഴ്‌സിനെ അനധികൃതമായി വീടുകളില്‍ നിയമിക്കരുതെന്ന് രമണ്‍ശ്രീവാസ്തവ ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് അനുസരിക്കാതായതോടെ സെന്‍കുമാര്‍ കര്‍ശന ഉത്തരവ് നല്‍കി. ക്യാമ്പ് ഫോളവേഴ്‌സുമാരെ വീട്ടുവേല ചെയ്യിച്ചാല്‍ അതിന് കൂട്ടുനില്‍ക്കുന്ന ക്യാമ്പ് കമാന്‍ഡന്റിനും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നായിരുന്നു ഉത്തരവ്. ഇതെല്ലാം ഐപിഎസ് ലോബി അട്ടിമറിച്ചു. ക്യാമ്പ് ഫോളവേഴ്‌സിന്റെ കണക്കെടുപ്പ് ഇന്നലെ ഉച്ചയ്ക്ക് നല്‍കണമെന്ന് ഡിജിപി ഉത്തരവ് നല്‍കിയിരുന്നെങ്കിലും രാത്രി വൈകിയും പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ലഭ്യമായില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.