മോഡ്രിച്ച് മിന്നി; ക്രൊയേഷ്യ നേടി

Monday 18 June 2018 1:45 am IST

കലിനിന്‍ഗ്രാഡ്: ലോകകപ്പ് ഫുട്‌ബോളില്‍ ലൂക്കാ മോഡ്രിച്ചിന്റെ മികവില്‍ ക്രൊയേഷ്യക്ക് ജയത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ ഇന്നലെ പുലര്‍ച്ചെ സമാപിച്ച കളിയില്‍ സൂപ്പര്‍ ഈഗിള്‍സ് എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ കരുത്തര്‍ നൈജീരിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രൊയേഷ്യ ആദ്യകളിയില്‍ ജയം നേടിയത്. നൈജീരിയന്‍ താരം ഒഗനകാരോ ഇറ്റേബോയുടെ സെല്‍ഫ് ഗോളും (32), ലൂക്കാ മോഡ്രിച്ചിന്റെ പെനാല്‍റ്റി ഗോളു (72) മാണ് ടീമിന് ജയം സമ്മാനിച്ചത്. 1998ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ വിജയിക്കുന്നത്. മോഡ്രിച്ചാണ് കളിയിലെ താരം. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലും ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ സെല്‍ഫായിരുന്നു. അന്ന് ബ്രസീലിന്റെ മാഴ്‌സെലോയാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ക്രൊയേഷ്യക്ക് ലീഡ് നേടിക്കൊടുത്ത്. എന്നാല്‍ കളിയില്‍ 3-1ന് ക്രൊയേഷ്യ തോറ്റു.  

തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളി തുടങ്ങിയത്. എങ്കിലും പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും നേരിയ മുന്‍തൂക്കം ക്രൊയേഷ്യക്കുണ്ടായിരുന്നു. ക്രൊയേഷ്യ മരിയോ മാന്‍സുകിച്ചിനെ സ്‌ട്രൈക്കറാക്കിയപ്പോള്‍ നൈജീരിയക്കായി ഈ റോളിലെത്തിയത് ഒഡിയോണ്‍ ഇഗ്ഹാലോയാണ്. 

റയല്‍ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചും ബാഴ്‌സലോണയുടെ ഇവാന്‍ റാക്കിറ്റിച്ചും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി അണിനിരന്നപ്പോള്‍ പെരിസിക്, ക്രമാരിക്, റെബിക് എന്നിവരെ മരിയോ മാന്‍സുകിച്ചിന് പിന്നില്‍ വിന്യസിച്ചു. ഇവര്‍ ആദ്യ കളിയില്‍ തന്നെ താളം കണ്ടെത്തുകയും ചെയ്തതോടെ തുടക്കം മുതല്‍ നൈജീരിയന്‍ ബോക്‌സിലേക്ക് പന്തെത്തിക്കൊണ്ടിരുന്നു. മറുവശത്ത് ഇവോബി, മോസസ്, ജോണ്‍ ഒബി മൈക്കിള്‍ എന്നിവരെ ഒഡിയോണ്‍ ഇഗ്ഹാലോയ്ക്ക് തൊട്ടുപിന്നിലായും ഇറ്റെബോ, എന്‍ഡിഡി എന്നിവരെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരായും നിയമിച്ചു. തുടക്കം മുതല്‍ വാശിയേറിയ ആക്രമണ-പ്രത്യാക്രമണങ്ങളായിരുന്നു മൈതാനത്ത്.  ഇരുഭാഗത്തേക്കും പന്ത് കയറിയിറങ്ങിയെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു. എന്നാല്‍ 31-ാം മിനിറ്റില്‍ ക്രൊയേഷ്യ സെല്‍ഫ് ഗോളിന്റെ സഹായത്തോടെ മുന്നിലെത്തി. ലൂക്കാ മോഡ്രിച്ചെടുത്ത കോര്‍ണര്‍ കിക്കിന് മാന്‍സൂകിച്ച് പറന്ന് തലവെച്ചു. എന്നാല്‍ നൈജീരിയന്‍ പ്രതിരോധതാരം ഇറ്റബോയുടെ കാലില്‍ തട്ടി തിരിഞ്ഞ് പന്ത് വലയിലെത്തി. ഇതോടെ ക്രൊയേഷ്യ നിര്‍ണായക ലീഡുമായി ആദ്യ പകുതിക്ക് പിരിഞ്ഞു.

പിന്നീട് ഒരു ഗോളിന് 71-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മാന്‍സൂകിച്ചിനെ നൈജീരിയയുടെ വില്യം ട്രൂസ്റ്റ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത സൂപ്പര്‍താരം മോഡ്രിച്ചിന് പിഴച്ചില്ല. അനായാസം പന്ത് ഗോള്‍കീപ്പറുടെ വലതുമൂലയിലൂടെ വല ചലിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.