കൂവേയെ കണ്ണീരിലാഴ്ത്തി പോള്‍സണ്‍ ജയം തട്ടിയെടുത്തു

Monday 18 June 2018 1:46 am IST

സരന്‍സ്‌ക് (റഷ്യ): സ്‌പോട്ട് കിക്ക് നഷ്ടപ്പെടുത്തിയ പെറുവിന്റെ ക്രിസ്റ്റിയന്‍ കൂവേയെ കണ്ണീരിലാഴ്ത്തി യുസഫ് പോള്‍സണ്‍ പെനാല്‍റ്റിയിലൂടെ ഡെന്‍മാര്‍ക്കിന് വിജയം സമ്മാനിച്ചു. ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെന്‍മാര്‍ക്ക് പെറുവിനെ തോല്‍പ്പിച്ചത്.

ആദ്യ പകുതിയിലാണ് കൂവേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. പെനാല്‍റ്റി ഏരിയയില്‍ പോള്‍സണ്‍ കൂവേയെ ഫൗള്‍ ചെയ്തിന് വിഎആര്‍ പരിശോധനയിലൂടെയാണ് റഫറി സ്‌പോട്ട് കിക്ക് അനുവദിച്ചത്. കൂവേ എടുത്ത കിക്ക് പക്ഷെ ബാറിന് മുകളിലൂടെ പറന്നു പോയി.

രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ഡെന്‍മാര്‍ക്ക് അന്‍പത്തിയൊമ്പതാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി വിജയം തങ്ങളുടേതാക്കി. ഇരുപത്തിനാലുകാരനായ പോള്‍സണ്‍ കൂളായി പന്ത് വലയിലേക്ക്് അടിച്ചുകയറ്റി.

പതിനാല് മാസത്തെ വിലക്കിനുശേഷം കളിക്കളത്തില്‍  തിരിച്ചെത്തിയ പെറുവിന്റെ പ്രമുഖ താരം പാവ്‌ലോ ഗ്യൂരേറോയ്ക്കും ടീമിനെ വിജയത്തിലേക്ക് ഉയര്‍ത്തിവിടാനായില്ല. 

ഈ വിജയത്തോടെ ഡെന്‍മാര്‍ക്കിന് മൂന്ന് പോയിന്റായി. അടുത്ത മത്സരത്തില്‍ അവര്‍ ഓസ്‌ട്രേലിയയെ നേരിടും. ഫ്രാന്‍സാണ് പെറുവിന്റെ അടുത്ത  എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.