പ്രകൃതി ക്ഷോഭം നേരിടുന്നതില്‍ പരാജയം; പ്രതിപക്ഷം സഭ വിട്ടു

Monday 18 June 2018 11:00 am IST

തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കരിഞ്ചോലമലയില്‍ ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്താന്‍ വൈകിയെന്നും മുഖ്യമന്ത്രി കരിഞ്ചോലമല സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിന് അനുമതി തേടിയിരുന്നു. കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണസേന എത്താന്‍ വൈകിയതും ചര്‍ച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ റവന്യൂ വകുപ്പ് പരാജയമാണെന്നും ദുരന്തനിവാരണ സേന പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

അതേസമയം കട്ടിപ്പാറ കരിഞ്ചോലയില്‍ എല്ലാവിധത്തിലുള്ള രക്ഷപ്രവര്‍ത്തനവും നടന്നുവെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മന്ത്രിമാര്‍ കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനു സാധിക്കുന്ന എല്ലാ സഹായവും മേഖലയില്‍ ചെയ്തുവെന്നും മന്ത്രി അടിയന്തപ്രമേയത്തിന് മറുപടിയായി പറഞ്ഞു. ഇതോടെ സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.