വീട്ടുപണിക്ക് പോകേണ്ട ; നിര്‍ദേശവുമായി അസോസിയേഷന്‍

Monday 18 June 2018 11:04 am IST
പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്‍ നിര്‍ദേശം. ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ ഡിജിപിക്കും യൂണിറ്റ് മേധാവികള്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കും.

തിരുവനന്തപുരം: പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്‍ നിര്‍ദേശം. ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ ഡിജിപിക്കും യൂണിറ്റ് മേധാവികള്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കും.

ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്ന ക്യാമ്പ് ഫോളോവര്‍മാര്‍ അതത് യൂണിറ്റുകളില്‍ തിരികെയെത്തണമെന്ന നിര്‍ദേശവും അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്. ക്യാമ്പ് ഫോളോവേഴ്സിന്റെ കണക്കെടുപ്പ് തുടങ്ങിയതോടെ പല ഉദ്യോഗസ്ഥരും ഇവരെ മടക്കി അയക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പ് അസോസിയേഷന്‍ നേരിട്ടാണ് കണക്കെടുപ്പ് നടത്തുന്നത്.

നേരത്തെയും ഇത്തരം തീരുമാനങ്ങള്‍ അസോസിയേഷന്‍ എടുത്തിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാരുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു. ഹൗസ് ഡ്യൂട്ടിക്കെന്ന പേരിലാണ് പലപ്പോഴും ക്യാമ്പ് ഫോളോവേഴ്സിനെ ചട്ടം ലംഘിച്ച് വക മാറ്റുന്നത്.

ഉദ്യോഗസ്ഥരുടെ വ്യക്തിഗത സുരക്ഷയ്ക്കുള്ളവരുടെ എണ്ണം, ജില്ലാതലത്തില്‍ അനുവദിക്കപ്പെട്ട ക്യാമ്പ് ഫോളോവേഴ്‌സിന്റെ എണ്ണം, നിലവിലെ അംഗസംഖ്യ, ദിവസവേതനക്കാരുടെയും സ്ഥിരം ജീവനക്കാരുടെയും എണ്ണം തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേതു കൂടാതെ മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, വിവിധ കമ്മിഷനുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരോടൊപ്പമുള്ള പോലീസുകാരുടെ കണക്കും എടുക്കുന്നുണ്ട്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ശനിയാഴ്ച ബെഹ്‌റ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് നിര്‍ദേശം നല്‍കിയത്. ഈ വിഷയം ചര്‍ച്ചചെയ്യുന്നതിന് 20-ന് മുഖ്യമന്ത്രി പോലീസിന്റെ ഉന്നതതല യോഗം വിളിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.