ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി

Tuesday 19 June 2018 2:30 am IST

തിരുവനന്തപുരം: മൈസൂര്‍-തലശ്ശേരി പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വയനാട്ടിലേക്കുള്ള ചുരം പാതകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമ്പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താതെ നിയന്ത്രിക്കുകയാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍, കര്‍ണാടകത്തിലേക്കുള്ള മാക്കൂട്ടം പെരുമ്പാടി മൈസൂര്‍ തലശ്ശേരി പാതയില്‍ കുടക് ജില്ലാ ഭരണകൂടം സമ്പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാത ഗതാഗതസജ്ജമാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. താമരശ്ശേരി ചുരം വഴിയുള്ള റോഡില്‍ ഏകദേശം 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി തകര്‍ന്ന നിലയാണുള്ളത്.

അതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് എത്രയും വേഗം നടപടിയെടുക്കാനും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ചുരത്തിന്റെ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.