മൂന്നാറിലെ ഖരമാലിന്യം പമ്പയെ മലിനമാക്കുന്നു : സിഎജി

Tuesday 19 June 2018 2:45 am IST

തിരുവനന്തപുരം: പീരുമേട്, മൂന്നാര്‍ ഗ്രാമ പഞ്ചായത്തുകള്‍ മാലിന്യസംസ്‌കരണത്തില്‍ വരുത്തുന്ന വന്‍വീഴ്ചയാണ് പുണ്യനദിയായ പമ്പയുടെ മലിനീകരണത്തിനു പ്രധാനകാരണമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. 1994ലെ പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രണ്ടു പഞ്ചായത്തുകളും വീഴ്ചവരുത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്കുമൂലം പീരുമേട്ടിലും  മൂന്നാറിലും വലിയ അളവില്‍ ഖരമാലിന്യം ഉണ്ടാകുന്നു. ഇത് നിര്‍മാര്‍ജനം ചെയ്യാനുള്ള ഒരു പദ്ധതിയും  ആവിഷ്‌ക്കരിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഖരമാലിന്യം കോട്ടയം-കുമളി റോഡിലെ മത്തായി കൊക്ക എന്ന സ്ഥലത്ത് കൂട്ടിയിടുകയാണ്.

ഓഡിറ്റ് സംഘവും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത സന്ദര്‍ശനത്തില്‍ ഒരു ശുദ്ധജല അരുവി ഈ മാലിന്യക്കൂമ്പാരത്തിലൂടെ ഒഴുകുന്നതായി കണ്ടെത്തി. ഈ അരുവി അഴുത നദിയിലേക്കാണ് ഒഴുകിയെത്തുന്നത്.  അഴുത പിന്നീട് പമ്പയില്‍ ചേരുന്നു. പത്തുലക്ഷത്തോളം പേരെ ലക്ഷ്യംവച്ചുള്ള 36 കുടിവെള്ള വിതരണ പദ്ധതികളുടെ ഉറവിടമാണ് പമ്പ. പീരുമേട്ടില്‍ ഖരമാലിന്യ സംസ്‌കരണ പദ്ധതികളുടെ അഭാവം മൂലമാണ് കരയും വെള്ളവും മലിനമാക്കിക്കൊണ്ട് മാലിന്യം തോന്നിയ രീതിയില്‍ കൂട്ടിയിടുന്നതിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശബരിമല തീര്‍ഥാടനകാലത്ത് 90 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തുന്ന ഏരുമേലിയില്‍ വലിയ അളവില്‍ ഖരമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്ന് കവുങ്ങുംകുഴിയില്‍ 14.40 ലക്ഷം രൂപ ചെലവഴിച്ച് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചിരുന്നു. മാലിന്യത്തിന് മുകളില്‍ ആരോഗ്യവകുപ്പ് കൂടിയ അളവില്‍ ക്ലോറിന്‍, ബ്ലീച്ചിങ് പൗഡര്‍ പ്രയോഗിച്ചതുമൂലം ജൈവമാലിന്യം വിഘടിച്ചില്ല. ഇതുമൂലം പ്ലാന്റില്‍ മാലിന്യം കുമിഞ്ഞുകൂടി. ഇതു നീക്കം ചെയ്യാന്‍ 2.52 ലക്ഷം രൂപ അധികമായി ചെലവഴിക്കേണ്ടിവന്നു. 

സംസ്‌കരിക്കപ്പെടാത്ത ജൈവമാലിന്യം ഉണ്ടായിട്ടും പ്ലാന്റിന്റെ നവീകരണവുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ടുപോയി. സംഭരണശേഷി മാത്രമേ കൂട്ടാന്‍ സാധിച്ചുള്ളൂ. ഇപ്പോള്‍ മാലിന്യം കൂട്ടിയിടാനുള്ള ഒരു യാര്‍ഡ് ആയാണ് പ്ലാന്റ് ഉപയോഗിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ഉചിത സാങ്കേതിക വിദ്യ സ്വീകരിക്കാതിരുന്നതുമൂലം 27.98 ലക്ഷം രൂപ ഫലശൂന്യമായി എന്നതുമാത്രമല്ല, പ്ലാന്റില്‍ മാലിന്യം കുമിഞ്ഞുകൂടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

അക്കൗണ്ടന്റ്ജനറല്‍ എസ്. സുനില്‍രാജാണ് വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. എജിമാരായ ജി.  സുധര്‍മണി, കെ.പി. ആനന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

കെ. ശശിധരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.