വയനാട് ഒറ്റപ്പെട്ടു; നാട്ടുകാരെ വലച്ച് കെഎസ്ആര്‍ടിസി

Tuesday 19 June 2018 2:48 am IST

മാനന്തവാടി: താമരശേരി ചുരത്തില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതോടെ വയനാട് ഒറ്റപ്പെട്ടു. കുറ്റ്യാടിചുരം വഴി പോകുന്ന ബസ്സുകള്‍ യാത്രക്കാരെ പിഴിയുന്നു. റൂട്ട് മാറ്റം കാരണം എല്ലാ ബസ്സുകളും ഇപ്പോള്‍ നാലാംമൈല്‍, വെള്ളമുണ്ട, നിരവില്‍പുഴ വഴിയാണ് യാത്ര.

മാനന്തവാടി-കുറ്റ്യാടി റൂട്ടിലെ ബസുകള്‍ പ്രതീക്ഷിച്ച് മാനന്തവാടി, നാലാംമൈല്‍, തരുവണ, വെള്ളമുണ്ട, എട്ടേനാല്‍ എന്നീ ജംഗ്ഷന്‍ സ്‌റ്റോപ്പുകളിലാണ് വയനാടിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ ബസ് കാത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇതു വഴി കടന്നു പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ സ്‌റ്റോപ്പില്ല, സ്‌റ്റേജില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് ഇവിടെ നിന്നും യാത്രക്കാരെ കയറ്റുന്നില്ല. 

ബത്തേരി, കല്‍പ്പറ്റ ഡിപ്പോകളില്‍ നിന്നും കോഴിക്കോട്ടേക്കും കോഴിക്കോട് ഡിപ്പോയില്‍ നിന്ന് തിരിച്ചും താമരശ്ശേരി വഴി ഓടിക്കൊണ്ടിരുന്ന ബസുകള്‍  കല്‍പ്പറ്റ കഴിഞ്ഞാല്‍ വേറെ ഒരു സ്‌റ്റോപ്പിലും നിര്‍ത്തി ആളെ കയറ്റുന്നില്ല. മാനന്തവാടി ഡിപ്പോയില്‍ നിന്ന് പകരം സര്‍വീസ് ആരംഭിച്ചിട്ടുമില്ല.  വൈകിട്ട് ആറ് മണികഴിഞ്ഞാല്‍ സര്‍വീസ് നടത്തിയിരുന്ന പഴയ ട്രിപ്പുകള്‍ പോലും ഇപ്പോഴില്ല. ഇതോടെ യാത്രക്കാര്‍ സ്വകാര്യ- ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നാലാംമൈല്‍, തരുവണ, വെള്ളമുണ്ട സ്‌റ്റോപ്പുകളില്‍ ഈ ബസുകള്‍ നിര്‍ത്തിയാല്‍ ബത്തേരിയില്‍ നിന്നുള്ള ടിക്കറ്റ് ചാര്‍ജ് നല്‍കണമെന്ന് കണ്ടക്ടര്‍ പറയുന്നു. നിലവില്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് രണ്ട് വഴിയും ആശ്രയമില്ലാതെ വന്നിരിക്കയാണ്. 

കഴിഞ്ഞ ദിവസം രാത്രി  വെള്ളമുണ്ട എട്ടേ നാലില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് നാട്ടുകാര്‍ തടഞ്ഞു. ബത്തേരിയില്‍ നിന്നുള്ള ടിക്കറ്റ് ചാര്‍ജ് കൊടുക്കാമെന്ന് മൂന്ന് യാത്രക്കാര്‍ പറഞ്ഞിട്ടും െ്രെഡവര്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. നാട്ടുകാര്‍ക്കെതിരെ കേസ് കൊടുക്കുമെന്നായിരുന്നു കണ്ടക്ടറുടെ ഭീഷണി. ഒടുവില്‍ പോലീസെത്തിയാണ് മൂന്ന് യാത്രക്കാരെ ബസ്സില്‍ കയറ്റി വിട്ടത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇതു വഴിയുള്ള ബസ്സുകള്‍ തടയുമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ചാര്‍ജും ഫെയര്‍ സ്‌റ്റേജും ക്രമീകരിക്കാന്‍ കഴിയുമെന്ന് കെഎസ് ആര്‍ടിസി കല്‍പ്പറ്റ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വി.എസ്. ഷാജി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.