കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കിട്ടി

Tuesday 19 June 2018 2:48 am IST

ചെറായി: കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കാനിറങ്ങി കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി. അയ്യമ്പിള്ളി തറവട്ടം കളത്തില്‍ അയ്യപ്പദാസിന്റെ (18)യും അയ്യമ്പിള്ളി നികത്തില്‍ (വൈപ്പിപ്പാടത്ത്) ആഷികി (19)ന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. 

 അയ്യപ്പദാസിന്റെ മൃതദേഹം നായരമ്പലം കടപ്പുറത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തെരച്ചില്‍ ബോട്ടാണ് കണ്ടെത്തിയത്. ആഷികിന്റെ മൃതദേഹം പുതുവൈപ്പ് എല്‍എന്‍ജി പദ്ധതി മേഖലക്ക് പടിഞ്ഞാറ് മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. തഹസില്‍ദാരുടെ അഭ്യര്‍ഥന പ്രകാരം കുഴുപ്പിള്ളി ബീച്ചില്‍ മത്സ്യത്തൊഴിലാളികള്‍ പുലര്‍ച്ചെ തന്നെ വലയിട്ട് തെരച്ചില്‍ നടത്തിയിരുന്നു.

കടല്‍ക്ഷോഭമുണ്ടായിരുന്നതിനാല്‍ മത്സ്യബന്ധനവള്ളങ്ങള്‍ എത്തിയാണ് മൃതദേഹങ്ങള്‍ കരയിലെത്തിച്ചത്. കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസിന്റെ സാന്നിധ്യത്തില്‍ മുനമ്പം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പറവൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അയ്യപ്പദാസിന്റെ മൃതദേഹം ചെറായി പൊതുശ്മശാനത്തിലും ആഷിക്കിന്റെ മൃതദേഹം നായരമ്പലം ജുമാമസ്ജിദിലും സംസ്‌കരിച്ചു. 

കുളിക്കാനിറങ്ങിയ അയ്യപ്പദാസിനെയും ആഷിക്കിനെയും ശനിയാഴ്ച വൈകിട്ടാണ് കടലില്‍ കാണാതായത്. തിരച്ചില്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഞായറാഴ്ച നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. അയ്യപ്പദാസ് ആര്‍എസ്എസ് കുഴിപ്പിള്ളി ശാഖാ മുഖ്യ ശിക്ഷകാണ്. അയ്യപ്പദാസിന്റെ അച്ഛന്‍: ലെനിന്‍. അമ്മ: സനൂജ. സഹോദരി: ശ്രീദേവി. ആഷിക്കിന്റെ അച്ഛന്‍: നൗഫല്‍. അമ്മ: ഫാത്തിമാ ബീവി. സഹോദരങ്ങള്‍: ആഷിത, ആഷിന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.