ജോലികള്‍ നിരവധി; നട്ടംതിരിഞ്ഞ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍

Tuesday 19 June 2018 2:49 am IST

കൊല്ലം: ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് ദുരിതകാലം. അധ്യയനത്തിനപ്പുറം ഒരേ സമയം നിരവധി ജോലികള്‍ ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍മാരെ ദുരിതത്തിലാക്കുന്നത്. 

വിഎച്ച്എസ്ഇ മേഖലയില്‍ നിന്നും വ്യത്യസ്തമായി ഭരണനിര്‍വഹണ ആവശ്യത്തിന് വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. ഭരണപരമായ എഴുത്തുകുത്തുകളും വെരിഫിക്കേഷനും മറ്റും നേരിട്ട് ചെയ്യേണ്ടിവരികയാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ അധ്യാപകനായ പ്രിന്‍സിപ്പലിന് പാഠഭാഗങ്ങള്‍ കൃത്യമായി തീര്‍ക്കാനും സാധിക്കുന്നില്ല. ഒരുപരിധിവരെ മാത്രമാണ് സഹപ്രവര്‍ത്തകര്‍ സഹായിക്കുന്നത്. മിക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്യൂണിന്റെയും ക്ലര്‍ക്കിന്റെയും അഭാവത്തില്‍ ശരിക്കും നട്ടംതിരിയുകയാണ് പ്രിന്‍സിപ്പല്‍മാര്‍. 

രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ നടക്കുമ്പോള്‍ ത്തന്നെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച പ്ലസ്‌വണ്‍കാരുടെ അഡ്മിഷന്‍ ജോലികള്‍ നേരിട്ട് പൂര്‍ത്തിയാക്കുകയെന്നത് കഴിഞ്ഞയാഴ്ച കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ടാംവര്‍ഷ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഇതോടൊപ്പം നടത്തുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക്‌ലിസ്റ്റ് വിതരണം, പതിനൊന്നാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ അപേക്ഷ സ്വീകരിക്കല്‍, ഫീസ് കളക്ഷന്‍, പതിനൊന്നാം ക്ലാസ് അഡ്മിഷന്‍ നേടിയവരുടെ വിവരങ്ങള്‍ ഏകജാലകത്തിന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യല്‍ തുടങ്ങിയ ജോലികളും പ്രിന്‍സിപ്പല്‍മാരാണ് നിര്‍വഹിച്ചത്. 

രണ്ടാംഘട്ട അലോട്ട്‌മെന്റിന്റെ ജോലികള്‍ ഇന്ന് നിശ്ചയിച്ചിരിക്കുകയാണ്. ഇതിന്റെ മാത്രം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വൈകുന്നേരമാകും. അതോടൊപ്പമാണ് കമ്യൂണിറ്റി ക്വാട്ടയിലേക്കും മാനേജ്‌മെന്റ് ക്വാട്ടയിലേക്കുമുള്ള പ്രവേശന നടപടികളും നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം കൂടി പാതിരാത്രിയായാലും തീരില്ലെന്നാണ് പ്രിന്‍സിപ്പല്‍മാരുടെ പ്രതികരണം. 

സംസ്ഥാനത്ത് 1050 ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരാണ് ആകെയുള്ളത്. ഇവരിലേറെയും മുമ്പുണ്ടായിരുന്നതിനേക്കാള്‍ നാലിരട്ടി ജോലിയാണ് ചെയ്യുന്നത്. വളരെ സുപ്രധാനമായ ഒന്നാണ് വിദ്യാര്‍ഥികള്‍ക്കുള്ള അധ്യാപനം. ഇതിനായി ഗസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന പ്രിന്‍സിപ്പല്‍മാരുടെ നിവേദനത്തില്‍ വിദ്യാഭ്യാസവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

എ. ശ്രീകാന്ത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.