ക്ഷേത്രഭരണം: നിയമനിര്‍മ്മാണം ഉപേക്ഷിക്കണം- ഹിന്ദു ഐക്യവേദി

Tuesday 19 June 2018 2:54 am IST

കോട്ടയം: ക്ഷേത്രഭരണനിര്‍വഹണാധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നിയമനിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു ആവശ്യപ്പെട്ടു. 

ദേവസ്വം ക്ഷേത്രങ്ങളുടെ ഭരണനിര്‍വ്വഹണാധികാരം സര്‍ക്കാര്‍ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ കീഴിലാക്കാന്‍ ദേവസ്വം കമ്മീഷണറെ മാറ്റുന്നതും, തസ്തിക പുനര്‍നിര്‍ണയിക്കുന്നതും ദേവസ്വം ഭരണത്തിലും, സ്വത്ത് വിനിയോഗത്തിലും നിയന്ത്രണം കൊണ്ടുവരുന്നതിനാണ്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും, നാട്ടുരാജാക്കന്മാരും തമ്മില്‍ ഉണ്ടാക്കിയ കവനന്റിലെ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്.

1950 ലെ ദേവസ്വം നിയമപ്രകാരം ദേവസ്വം ബോര്‍ഡ് സ്വതന്ത്രബോഡിയാണ്. ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളിലും തീരുമാനത്തിലും സര്‍ക്കാരിന് ഇടപെടാനും നിയന്ത്രിക്കാനും സാഹചര്യം ഉണ്ടായാല്‍ ക്ഷേത്രഭരണത്തില്‍ ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്ന് ഇ.എസ് ബിജു പറഞ്ഞു. ദേവസ്വംബോര്‍ഡില്‍ സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിലൂടെ ക്ഷേത്രഫണ്ടും, വരുമാനവും സര്‍ക്കാര്‍ ഖജനാവിലെത്തിക്കാം എന്ന ഗൂഢോദ്ദേശ്യം സര്‍ക്കാരിനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്ഷേത്രഭരണം പിടിച്ചെടുക്കുന്നത് ക്ഷേത്രം നന്നാക്കാനല്ല പരമാവധി പണം  കൊള്ളയടിച്ച് വാണിജ്യകേന്ദ്രമാക്കി അധഃപതിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.