കട്ടിപ്പാറയിലെ തടയണ അന്വേഷിക്കും; വാട്ടര്‍ തീം പാര്‍ക്കില്‍ മുഖ്യമന്ത്രിക്ക് മൗനം

Tuesday 19 June 2018 2:53 am IST

തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറയിലെ ഉരുള്‍ പൊട്ടല്‍ ഉണ്ടായ മലയ്ക്കു മുകളിലെ തടയണ നിര്‍മാണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. തടയണ അനധികൃതമാണെന്ന് വിലയിരുത്തലുണ്ട്.

അതിനാല്‍ തടയണയെ കുറിച്ച് വിദഗ്ദ്ധ സമിതി അന്വേഷിക്കും. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തരമായി ദുരന്തനിവാരണ സേനയ്ക്ക് എത്തിച്ചേരാന്‍ ഹെലിക്കോപ്ടര്‍ വാങ്ങിക്കുന്നത് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ആരോപിച്ച് പാറയ്ക്കല്‍ അബ്ദുള്ളയുടെ അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ശേഷിയുള്ള തടയണയുടെ നിര്‍മാണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുപോലെ ഒരു എംഎല്‍എ വാട്ടര്‍ തീം പാര്‍ക്ക് നടത്തുന്നുണ്ട്. അതും അപകടരമായ അവസ്ഥയിലാണ്. അതിനെതിരെയും നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി മൗനം പാലിച്ചു. 

കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും അത് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണെന്നാണ് പ്രതിപക്ഷം ആരോപണം. ദുരന്തം തടയുന്നതില്‍ റവന്യൂ മന്ത്രി പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ദുരന്തനിവാരണസേന എത്താന്‍ വൈകിയില്ലെന്നും  ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും  റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.