രാജ്യവിരുദ്ധ പ്രസ്താവന; അബ്ദുള്‍ വഹാബ് എംപിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

Tuesday 19 June 2018 2:56 am IST

നിലമ്പൂര്‍: അബുദാബിയില്‍ ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയ പി.വി.അബ്ദുള്‍ വഹാബ് എംപി മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു. നിലമ്പൂരിലെ എംപിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാപ്പുപറയാത്ത പക്ഷം രാജ്യവ്യാപകമായ പ്രതിഷേധ സമരങ്ങള്‍ ആരംഭിക്കും.

എന്നും ദേശീയ വിരുദ്ധ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. മോദി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി എല്‍ഡിഎഫും  യുഡിഎഫും ലീഗ് നേതാക്കളുടെ ഇത്തരം നിലപാടുകള്‍ക്കു മുന്നില്‍ മൗനം പാലിക്കുകയാണെന്നും പ്രകാശ് ബാബു ആരോപിച്ചു. പി.വി.അബ്ദുള്‍ വഹാബിന്റെ നിലപാടാണോ മുസ്ലീം ലീഗിനെന്ന് നേതാക്കള്‍ വ്യക്തമാക്കണം. രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച അബ്ദുള്‍ നാസര്‍ മദനിക്ക് സമാനമാണ് പി.വി.അബ്ദുള്‍ വഹാബിന്റെയും നിലപാട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ ജീവിത ചരിത്രം ആസ്പദമാക്കി രചിച്ച പുസ്തക പ്രകാശന ചടങ്ങിനിടെ വിദേശത്ത് വെച്ചായിരുന്നു എംപിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന തെറ്റാണെന്ന് അംഗീകരിച്ച് ജനങ്ങളോട് മാപ്പ് പറയുന്നതു വരെ പ്രതിഷേധം തുടരാനാണ് യുവമോര്‍ച്ചയുടെ തീരുമാനം. പ്രതിഷേധത്തെത്തുടര്‍ന്ന് അബ്ദുള്‍ വഹാബ് എംപിയുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.