തുറന്നടിച്ച് രോഹിത് വെമുലയുടെ അമ്മ; വീട് ലഭിച്ചില്ല; മുസ്ലിം ലീഗ് പറ്റിച്ചു

Monday 18 June 2018 9:06 pm IST

ന്യൂദല്‍ഹി: മുസ്ലിം ലീഗിന്റെ വഞ്ചനക്കെതിരെ തുറന്നടിച്ച് രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല. രണ്ട് വര്‍ഷം മുന്‍പ് ലീഗ് വാഗ്ദാനം ചെയ്ത വീട് ഇതുവരെ ലഭിച്ചില്ലെന്നും പാര്‍ട്ടി തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി മാത്രം ഉപയോഗിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. 2016 ജനവരിയിലാണ് ദളിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് ആത്മഹത്യ ചെയ്തത്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം പ്രചാരണം നടത്തിയിരുന്നു. രാധികാ വെമുലയെ കേരളത്തിലുള്‍പ്പെടെ സംഘടിപ്പിച്ച പരിപാടികളില്‍ ലീഗ് പങ്കെടുപ്പിച്ചിരുന്നു. വീട് നിര്‍മ്മിക്കുന്നതിനായി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് മുസ്ലിം വര്‍ഗ്ഗീയ രാഷ്ട്രീയം ആശയമാക്കിയ  ലീഗ്  രാധികാ വെമുലയെ കൊണ്ടുനടന്നത്. വാടവീട്ടിലാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്. 

''രോഹിത് മരിച്ചപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. എന്നെ ആശ്വസിപ്പിക്കാനെത്തിയവരെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. മുസ്ലിം ലീഗിന്റെ ഏതാനും നേതാക്കളെത്തി കേരളത്തില്‍നിന്നാണ് വരുന്നതെന്ന് പറയുകയും വീട് വയ്ക്കാന്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. കേരളത്തില്‍ അവര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുപ്പിച്ച് അവിടെവച്ചും വാഗ്ദാനം ആവര്‍ത്തിച്ചു. വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയതായും അവകാശപ്പെട്ടിരുന്നു. എങ്ങനെയാണ് ഞങ്ങളെപ്പോലുള്ളവരെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്''. രാധികാ വെമുല ചോദിച്ചു. 

 പാര്‍ട്ടി നല്‍കിയ രണ്ട് ചെക്കുകളില്‍ ഒന്ന് മടങ്ങിയതായും അവര്‍ ചൂണ്ടിക്കാട്ടി. നിരവധി തവണ ബാങ്കില്‍ പോകേണ്ടി വന്നു. എന്തിനാണ് എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്. പണം നേരിട്ട് തന്നാല്‍പ്പോരെ. തരാന്‍ ആഗ്രഹമില്ലെങ്കില്‍ അത് പരസ്യമായി പറയണം. അവര്‍ തുറന്നടിച്ചു. നേരത്തെ ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാനെന്ന പേരില്‍ മുസ്ലിം ലീഗ് നടത്തിയ പണപ്പിരിവും വിവാദമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.