ഷാങ്‌ഹായിലെ ലോക വിചാരങ്ങൾ

Tuesday 19 June 2018 3:06 am IST
ഭാരതത്തിന് അന്താരാഷ്ട്ര രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ സാമ്പത്തികമായും രാഷ്ട്രീയമായും ശോഷിച്ച് ചൈനയുടെ പ്രവിശ്യയായി തീര്‍ന്നു കൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍. പിന്തുണ നല്‍കിയിരുന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കുപോലും പാക്കിസ്ഥാനിലുള്ള വിശ്വാസം നഷ്ടമായി

ലോകരാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്കെതിരെയും ആഗോളവത്കരണത്തിനെതിരെയും പാശ്ചാത്യ ലോകത്ത്  എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് ചൈനയിലെ ക്വിന്‍ഡാവോയില്‍ നടന്ന ഷാങ്ങ്ഹായ് കോഓപ്പറേഷന്‍ സംഘടനയുടെ 18-മത് ഉച്ചകോടി ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് പ്രഖ്യാപനം, കാനഡയില്‍ ഇതേ സമയത്ത് നടന്ന ജി 7 ഉച്ചകോടിയില്‍ അലൂമിനിയും ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ ഏര്‍പ്പെടുത്തുവെന്ന ട്രംപിന്റെ പ്രഖ്യാപനം, ചൈനയും അമേരിക്കയും തുടരുന്ന വ്യാപാരയുദ്ധം, 

അമേരിക്ക റഷ്യയ്ക്കും ഇറാനുമെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിനായുള്ള പാരീസ് ഉടമ്പടി ഉള്‍പ്പടെയുടെയുള്ള ലോകരാജ്യങ്ങയുടെ കൂട്ടായ്മയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയത് ഇവയെല്ലാം അന്താരാഷ്ട്ര രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കും. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ചേരുന്ന സമ്മേളനത്തിന് അതിയായ പ്രാധാന്യമുണ്ട്.

രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം, സഹകരണം, സുരക്ഷ, വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ക്കാണ് ഷാങ്ങ്ഹായ് സമ്മേളനം സാക്ഷ്യം വഹിച്ചത്. ഭാരതം ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടിയ മേഖലയില്‍ വളര്‍ന്നുവരുന്ന തീവ്രവാദം, മയക്കുമരുന്ന് കടത്തല്‍, വിഘടന വാദം തുടങ്ങിയ ഭീക്ഷണികള്‍ക്കു സമ്മേളനത്തില്‍ മുഖ്യമായ പരിഗണന ലഭിച്ചു. അംഗരാജ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്ത് ശക്തമായ സഹകരണത്തിന് സമ്മേളനം തുടക്കം കുറിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്താനും പ്രധാനമന്ത്രി മോദിക്കു സാധിച്ചു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി മോദി നടത്തിയ മൂന്നാമത്തെ കൂടികാഴ്ചയാണ് ഷാങ്ഹായിയില്‍ നടന്നത്.ദോക്‌ലാം ഉള്‍പ്പടെയുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ഉണ്ടായിരുന്നിട്ടും ഭാവിയില്‍ മറ്റുമേഖലകളില്‍ ചൈനയും ഭാരതവും ഒന്നിച്ചു നീങ്ങേണ്ടതിന്റെ അനിവാര്യത ഇരു രാജ്യങ്ങള്‍ക്കും ബോധ്യപ്പെട്ടുവെന്നത് ശുഭ സൂചനയാണ്. 

മോദിയും ഷി ജിന്‍ പിങ്ങും രണ്ടു കരാറില്‍ ഒപ്പുവച്ചു. ഭാരതത്തില്‍ നിന്ന് കൂടുതല്‍ കയറ്റുമതി നടത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഒന്ന്. ബസുമതി അരി മാത്രമാണ് ചൈനയിലേക്ക് കയറ്റി അയക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇനി മുതല്‍ എല്ലാത്തരം അരിയും ഒപ്പം പഞ്ചസാരയും കയറ്റിയയയ്ക്കാം. 

ഇപ്പോള്‍ ഭാരതവും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി 51 ബില്യന്‍(5100കോടി) ഡോളറാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ബില്യന്‍ കുറവുണ്ടായിട്ടുണ്ടെകിലും കൂടുതല്‍ കുറയ്ക്കുക ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. 2020ഓടെ ഭാരതവും ചൈനയും തമ്മിലുള്ള വ്യാപാരം 100 ബില്യന്‍ ഡോളറിന്റേതാക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. 

പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറാണ് രണ്ടാമത്തേത്. ദോക്‌ലാം വിഷയത്തിന് ശേഷം ബ്രഹ്മപുത്ര നദിയിലെ ജലത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത് ചൈന നിര്‍ത്തിവെച്ചിരുന്നത് തുടര്‍ന്ന് ലഭിക്കും. ഒരു മാസം മുന്‍പ് ചൈനയിലെ വുഹാനില്‍ ചൈനീസ് പ്രസിഡന്റും മോദിയുമായി പതിവില്‍ നിന്ന് വ്യത്യസ്തമായി അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു അനൗപചാരിക ചര്‍ച്ചകള്‍ക്കായി ഷി ജിന്‍ പിങ്ങിനെ ഭാരതത്തിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. സൗഹൃദപരമായ ബന്ധം കെട്ടിപ്പെടുത്തുക എന്നതാണ് ഇത്തരം ചര്‍ച്ചകള്‍ കൊണ്ടുദ്ദേശിക്കുന്നത്. പാക് അധീന കാശ്മീരിലൂടെ കടന്നുപോകുന്ന ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി രാജ്യ സുരക്ഷയ്ക്കു ഭീഷണിയായതിനാല്‍ ഭാരതം പിന്തുണ നല്‍കില്ല. കസാക്കിസ്ഥാന്‍ പ്രസിഡന്റ് സൂര്‍ണോബൈ ജീന്‍ബെക്കോയുമായി ചര്‍ച്ച നടത്തുകയും കസാക്കിസ്ഥാനെ അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. 

മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ട്മാഗിന്‍  ബറ്റുള്‍ഗായുമായും നടത്തിയത് ഭാരതത്തിനാവശ്യമായ യൂറേനിയം സംഭരണത്തിന് ഗുണകരമാവും. ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയെവുമായും കൂടിക്കാഴ്ചയുണ്ടായി. മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കു ഭാരതത്തിന്റെ സാന്നിധ്യം വളരെ പ്രയോജനകരമാണ് സമാധാനപരമായി സഹകരണം നിലനിര്‍ത്തുന്ന രാജ്യമെന്ന നിലയില്‍ സംഘടനയില്‍ ചൈനയ്ക്ക് ബദലായി ഉള്ള ഒരു ജനാധിപത്യ ശക്തിയെന്ന നിലയിലാണ് മധേഷ്യന്‍ രാജ്യങ്ങള്‍ ഭാരതത്തെ കാണുന്നത്. ഭാരതത്തിനു മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ വ്യാപാരം വര്‍ധിപ്പിക്കാനും സാമ്പത്തിക ബന്ധം നിലനിര്‍ത്താനും സഹായകരമാണ്.

 ലോകത്തിന്റെ ആകെയുള്ള പ്രകൃതി വാതകത്തിന്റെ നാല് ശതമാനവും എണ്ണയുടെ മൂന്ന് ശതമാനവും കണ്ടെത്തിയിരിക്കുന്നത് കസാക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയുള്‍പ്പെടുന്ന മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലാണ്. അതിനാല്‍ മേഖലയുമായുള്ള ബന്ധം ഭാരതത്തിന് ഈ രാജ്യങ്ങളില്‍നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനാവും. ഭാരതത്തിന്റെ ഭാവി ഇന്ധനസുരക്ഷയ്ക്കു മുതല്‍ക്കൂട്ടാകുകയും ചെയ്യും. ഇതുവഴി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇന്ധന ആശ്രയത്വവും ചിലവും  കുറയ്ക്കുകയും ചെയ്യാം. പാക്കിസ്ഥാന്റെ സമ്മേളനത്തിലെ സാന്നിധ്യം ചോദ്യചിഹ്നമാണ്. ഭാരതത്തിന് അന്താരാഷ്ട്ര രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ സാമ്പത്തികമായും രാഷ്ട്രീയമായും ശോഷിച്ച് ചൈനയുടെ പ്രവിശ്യയായി തീര്‍ന്നു കൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍. 

പിന്തുണ നല്‍കിയിരുന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കുപോലും പാക്കിസ്ഥാനിലുള്ള വിശ്വാസം നഷ്ടമായി. അഫ്ഗാനിസ്ഥാന്‍ നേരിടുന്ന ഭീകരവാദത്തിന് പരിഹാരം കാണുന്നതിന് എല്ലാസഹായങ്ങളും ഭാരതം വാഗ്ദാനം ചെയ്തു. ഇറാനുമായുള്ള ആണവകരാറില്‍നിന്നും അമേരിക്ക പിന്മാറിയെങ്കിലും റഷ്യ ചൈന അടക്കമുള്ള രാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. ആഗോളവത്കരണത്തില്‍ നിന്ന് അമേരിക്കയുള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളില്‍ പിന്നോക്കം പോകുന്ന ഈ ഘട്ടത്തില്‍ ഏഷ്യയിലെ ഈ കൂട്ടായ്മയില്‍ ഭാരതത്തിനു മുഖ്യ സ്ഥാനം ലഭിക്കും. 

ലോകത്തെ പ്രധാന കൂട്ടായ്മകളിലെല്ലാം ലഭിക്കുന്ന അവസരങ്ങളും അംഗീകാരങ്ങളും അതുവഴിയുള്ള നേട്ടങ്ങളും, ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗത്വം എന്‍എസ്ജിയിലെ അംഗത്വം തുടങ്ങിയവ നേടാന്‍ ഭാരതത്തിനു കരുത്തേകും. അതിലേയ്ക്കുള്ള ചുവടുകളില്‍ ഒന്നായി ഷാങ്ങ്ഹായ് കൂട്ടായ്മ മാറി. മാറുന്ന ലോകഘടനയില്‍ ഏഷ്യന്‍ ശക്തി തെളിയിക്കാനും സാധിച്ചു.

(എം.ജി.സര്‍വ്വകലാശാല, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിലെ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

വിഷ്ണു അരവിന്ദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.