മലബാർ സിമൻ്റ്സ് അഴിമതി; ഹൈക്കോടതിയിലെ ഫയലുകൾ കാണാതായി

Tuesday 19 June 2018 3:18 am IST

കൊച്ചി: മലബാര്‍ സിമന്റ്‌സിലെ കോടികളുടെ അഴിമതികളുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയുടെ ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായി. ഹൈക്കോടതിയിലെ  വിജിലന്‍സ് രജിസ്ട്രാര്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.   

കേസ് ഫയല്‍ കാണാതായ സംഭവം ആസൂത്രിതമാണെന്നും ഇത് നീതിയുടെ ദേവാലയത്തില്‍ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാറിന്റെ  ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെ സുരക്ഷ അപകടത്തിലാണെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. ആശങ്കയ്ക്ക് ഇടനല്‍കുന്ന സാഹചര്യമാണിത്. സത്യം പുറത്തു വരുന്നതിനു സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്നും ഹര്‍ജികളുടെ ബാക്കിയുള്ള സെറ്റ് ജുഡീഷ്യല്‍ രജിസ്ട്രാര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും  സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവ് ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു.

മലബാര്‍ സിമന്റ്‌സിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ജോയ് കൈതാരം എന്നിവര്‍ നല്‍കിയ ഹര്‍ജികളും മലബാര്‍ സിമന്റ്‌സിലെ മുന്‍ ചെയര്‍മാന്‍ ജോണ്‍ മാത്യു, മുന്‍ ഡയറക്ടര്‍മാരായ എന്‍. കൃഷ്ണകുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയുടെയും ജോയ് കൈതാരം നല്‍കിയ ഹര്‍ജിയുടെയും ഒരു സെറ്റ് ആദ്യം കാണാതായി. ഇതിനു ശേഷം രണ്ട് ഹര്‍ജികളുടെയും രണ്ടാമത്തെ സെറ്റാണ് കേസ് പരിഗണിച്ചപ്പോഴൊക്കെ ഹൈക്കോടതിയിലെ ഫയലിംഗ് വിഭാഗം കോടതിയില്‍ ഹാജരാക്കിയത്. പിന്നീട് ഈ സെറ്റും കാണാതായി. 

ഇതോടെ അവശേഷിക്കുന്ന മൂന്നാമത്തെ സെറ്റ് ഹര്‍ജിയാണ് ഇപ്പോള്‍ കോടതിയിലെത്തിയിട്ടുള്ളത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയുടെ ആദ്യ സെറ്റും കാണാതായി. കഴിഞ്ഞ മേയ് 21 ന് ഈ കേസുകള്‍ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്ത ശേഷമാണ് ഇവ കാണാതായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.