ധർണയ്ക്ക് അനുവാദം നൽകിയത് ആര്? കേജ്‌രിവാളിനെ കുടഞ്ഞ് ഹൈക്കോടതി

Tuesday 19 June 2018 3:22 am IST

ന്യൂദല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനും സംഘത്തിനും ശക്തമായ താക്കീതുമായി ദല്‍ഹി ഹൈക്കോടതി. ധര്‍ണ നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച കോടതി, ഇതിനെ സമരമെന്ന് വിളിക്കാനാവില്ലെന്നും വ്യക്തമാക്കി. മറ്റുള്ളവരുടെ ഓഫീസിലും വീട്ടിലും പോയി സമരം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന് എ.കെ. ചൗള, നവീന്‍ ചൗള എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. 

ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഭരണകക്ഷി എംഎല്‍എമാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന മെല്ലെപ്പോക്ക് സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഒരാഴ്ചയോളമായി കേജ്‌രിവാള്‍ കുത്തിയിരിപ്പ് സമരം നടത്തിവരുന്നത്. കേജ്‌രിവാളിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. ഐഎഎസ് അസോസിയേഷനെ കക്ഷി ചേര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ ഗോപാല്‍ റായ്, സത്യേന്ദര്‍ ജയിന്‍ എന്നിവര്‍ക്കൊപ്പമാണ് ഗവര്‍ണറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക വസതിയില്‍ കേജ്‌രിവാള്‍ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിസോദിയയേയും സത്യേന്ദര്‍ ജയിനിനെയും  ആശുപത്രിയിലേക്ക് മാറ്റി. വിഷയത്തിലേക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിച്ചിഴയ്ക്കാന്‍ കേജ്‌രിവാള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഐഎഎസ് അസോസിയേഷനും രംഗത്തെത്തി. മുഖ്യമന്ത്രിയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്നും ജോലി ചെയ്യുന്നതിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമരം അനിശ്ചിതമായി നീളുന്നതില്‍ ആശങ്കയിലായ കേജ്‌രിവാളിനും സംഘത്തിനും ഹൈക്കോടതി പരാമര്‍ശവും തിരിച്ചടിയായി. പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. 

കേജ്‌രിവാളിൻ്റെ സമരം; പ്രതിപക്ഷത്ത് ഭിന്നത രൂക്ഷം

ന്യൂദല്‍ഹി: കേജ്‌രിവാളിന്റെ സമരത്തെച്ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത രൂക്ഷം. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമതാ ബാനര്‍ജി, എച്ച്.ഡി. കുമാരസ്വാമി, ചന്ദ്രബാബു നായിഡു എന്നിവര്‍ കേജ്‌രിവാളിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിതി ആയോഗ് യോഗത്തിനിടെ പ്രധാനമന്ത്രിയെ കണ്ട് വിഷയം പരിഹരിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. 

സമരത്തിനെതിരായ നിലപാടാണ് നേരത്തെ തന്നെ കോണ്‍ഗ്രസ്സിനുള്ളത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേജ്‌രിവാളിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ തന്നെ രംഗത്തെത്തി. പ്രധാനമന്ത്രിയും കേജ്‌രിവാളും നാടകം കളിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. അതേ സമയം, പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. നാരായണസ്വാമി സമരത്തെ പിന്തുണച്ചു. ആം ആദ്മി പാര്‍ട്ടി നടത്തിയ പ്രതിഷേധ റാലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുത്തു. 

 മുഖ്യമന്ത്രിമാരുടെ നീക്കം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പുതിയ നീക്കം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയ കുമാരസ്വാമി തന്നെ ഇതില്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല സഖ്യമൊരുങ്ങുന്നത് തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്. 

കെ. സുജിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.