കോഴിക്കോട്: കുന്നിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെത്തുടര്‍ന്ന് കക്കാടം പൊയിലിലെ പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം.
ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്ക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാര്‍ക്കിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരുന്നു. അനധികൃതമായി നിര്‍മിച്ച പാര്‍ക്കില്‍ അപകടഭീഷണിയുയര്‍ത്തുന്ന രീതിയില്‍ വെള്ളം സംഭരിച്ചിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ടായിരുന്നു. എന്നാല്‍ വെള്ളം എങ്ങനെ വറ്റിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: