മുഫ്തി രാജിവച്ചു; കശ്മീരിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി

Tuesday 19 June 2018 3:35 pm IST

ശ്രീനഗര്‍: കശ്മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തി രാജിവച്ചു. സംസ്ഥാനത്ത് പിഡിപിക്കുള്ള പിന്തുണ ബിജെപി പിൻവലിച്ചതിനെ തുടർന്നാണ് മുഫ്തി രാജിവച്ചത്. ബിജെപി മന്ത്രിമാർ നേരത്തെ തന്നെ രാജിവച്ചിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.

പിഡിപിയുമായി ചേർന്ന് സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് വ്യക്തമാക്കി. സംസ്ഥാനത്ത് ഭീകരവാദവും അക്രമങ്ങളും വർധിച്ച സാഹചര്യമാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ  മൗലികവകാശം പോലും ലംഘിക്കുന്ന അവസ്ഥയാണ് കശ്മീരിൽ സംജാതമായിരിക്കുന്നത്. ഈ അവസ്ഥ തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

റംസാനെ തുടർന്ന് കശ്​മീരില്‍ സൈനിക നടപടികള്‍ നിര്‍ത്തിവച്ച ഒരു മാസത്തിനുള്ളിലുണ്ടായ സംഘര്‍ഷത്തില്‍ 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സൈനിക നടപടികള്‍ നിര്‍ത്തി വെച്ച മെയ്​17 മുതല്‍ ജൂണ്‍ 17 വരെയുള്ള കാലയളവിലാണ്​ 41 ജീവനുകള്‍ പൊലിഞ്ഞത്​. 

20ഒാളം ഗ്രനേഡ്​ ആക്രമണങ്ങളും 50ഒാളം അക്രമാസക്​തമായ സമരങ്ങളും നടന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതോടെ റംസാന്​ ശേഷം വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്നും ഭീകരവാദികള്‍ക്കെതിരെ ആവ​ശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര​ സര്‍ക്കാര്‍ ഉത്തരവിട്ടു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ സംഭവവികാസങ്ങള്‍ ജമ്മുകശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ മാറ്റം വരുത്തും. സംസ്ഥാന നിയമസഭയില്‍ ബി.ജെ.പി.ക്ക് 25ഉം പിഡിപിക്ക് 28 സീറ്റുകളും ആണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.