വായനകൊണ്ട് സ്വയമറിയുക

Tuesday 19 June 2018 5:58 pm IST
ഒന്നും വായിക്കാത്തവന്‍ എന്ന പേരുദേഷം മാറാന്‍വേണ്ടിയെങ്കിലും വായനയിലെക്ക് കൂപ്പുകുത്തി വീണവരുപോലുമുണ്ട്. എഴുതാന്‍ അറിയാവുന്നവരെല്ലാം എഴുത്തുകാരായിത്തീരുന്ന ഇന്നത്തെക്കാലത്ത് പക്ഷേ, ശരിക്കും എഴുത്തുകാരനാവണമെങ്കില്‍ വായനകൂടി വേണമെന്ന ബോധംകൊണ്ടാവണം അവരും വായനയിലേക്കു വീണത്. എഴുത്തുകാര്‍ കൂടുകയും അതുകൊണ്ട് പുസ്തകങ്ങള്‍ പെരുകുകയും അതിനാല്‍ വായനക്കാര്‍ കൂടുകയും ചെയ്യുക എന്ന സ്വാഭാവികതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

           വായനയല്ല നഷ്ടപ്പെട്ടത്. വായനയ്ക്കുവേണ്ടിയുള്ള നേരങ്ങളാണ്. ആവശ്യങ്ങളുടെ പെരുപ്പങ്ങള്‍ സമയത്തെ ഞെരുക്കിയപ്പോള്‍ വായനാ നേരം കുറഞ്ഞു. തിരക്കിന്റെ കൊള്ളയ്ക്കിടയിലും ഉപേക്ഷിക്കപ്പെടാതെ വായന ഉത്സവമാകുന്നുവെന്നതാണ് വലിയ കാര്യം. എന്നിട്ടും വായന മരിച്ചുവെന്നു പറഞ്ഞ് വിവാദ വ്യവസായം നടത്തി ആളാകുന്നവരെ മാറ്റി നിര്‍ത്താം. വായനയുടേയും പുസ്തകങ്ങളുടേയും ഋതുഭേദങ്ങളെല്ലാം വസന്തമായിത്തീരുന്ന ഇക്കാലത്ത് മലയാളിയെ വായിക്കാന്‍ പഠിപ്പിക്കാനായി കേരളം മുഴുവന്‍ ഓടി നടന്ന് ഗ്രന്ഥശാലകള്‍ ഉണ്ടാക്കിയ പിഎന്‍ പണിക്കരാണ് ഈ വസന്തത്തിനു വെള്ളവും വളവും നല്‍കിയത്.അതുകൊണ്ടാണ് പണിക്കരുടെ ചരമദിനം നമ്മള്‍ വായനാ ദിനമാക്കിയത്. ഇന്ന് വായനാദിനം. 

          ഒന്നും വായിക്കാത്തവന്‍ എന്ന പേരുദേഷം മാറാന്‍വേണ്ടിയെങ്കിലും വായനയിലെക്ക് കൂപ്പുകുത്തി വീണവരുപോലുമുണ്ട്. എഴുതാന്‍ അറിയാവുന്നവരെല്ലാം എഴുത്തുകാരായിത്തീരുന്ന ഇന്നത്തെക്കാലത്ത് പക്ഷേ, ശരിക്കും എഴുത്തുകാരനാവണമെങ്കില്‍ വായനകൂടി വേണമെന്ന ബോധംകൊണ്ടാവണം അവരും വായനയിലേക്കു വീണത്. എഴുത്തുകാര്‍ കൂടുകയും അതുകൊണ്ട് പുസ്തകങ്ങള്‍ പെരുകുകയും അതിനാല്‍ വായനക്കാര്‍ കൂടുകയും ചെയ്യുക എന്ന സ്വാഭാവികതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പണ്ട് വായനയ്ക്കും എഴുത്തിനും കൈവിരലിലെണ്ണാവുന്ന വിഷയങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് നൂറുകണക്കിന് വിഷയ വൈപുല്യമാണുള്ളത്. അതുകൊണ്ടു തന്നെ വായനയും എഴുത്തും കൂടുന്നു.

           ഇന്ന് നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചെറിയ പുസ്തക പ്രസാധകരുടെപോലും പുസ്തകോത്സവങ്ങള്‍ പലതവണ നടക്കുന്നുണ്ട്. അതുപോലെ നിരവധി പുസ്തക പ്രസാധകരുമുണ്ട്. എഴുത്തുകാരെല്ലാവരും തന്നെ നല്ല വായനക്കാരുമാണ്. വായനാ ദിനത്തിലും അല്ലാതെയും സര്‍ക്കാര്‍ തലത്തിലും ഇതര വഴിക്കും വായനയുടെ ചെറുതും വലുതുമായ സംഘാടനങ്ങള്‍ പൊതുവിടങ്ങളില്‍ നടക്കുന്നുണ്ട്. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന പുസ്തകോത്സവം കേരളം കണ്ട വലിയൊരു സംരംഭമായിരുന്നു. ഒരു ദിവസം നാല്‍പതിനായിരത്തോളം ആളുകളാണ് അവിടം സന്ദര്‍ശിച്ചത്. എഴുത്തും വായനയുമായി ബന്ധപ്പെട്ട് പല പരിപാടികളും അവിടെ നടന്നിരുന്നു. കോടിക്കണക്കിനു രൂപയുടെ പുസ്തകങ്ങളാണ് അന്നു വിറ്റഴിഞ്ഞത്. സ്‌ക്കൂള്‍ കരുന്നുകള്‍ മുതല്‍ കോളേജ് കുട്ടികള്‍വരെ കേരളത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങിയ മേളകൂടിയായിരുന്നു അത്. ഷാര്‍ജ, ജര്‍മനി പുസ്തകോത്സവങ്ങളും ഇന്ന് മലയാളത്തെ സംബന്ധിച്ച് വലിയ സംഭവമായി മാറിയിരിക്കുകയാണ്.

          പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ലോകത്തെ മാത്രമല്ല അറിയുന്നത്. നമ്മെത്തന്നെയാണ്. വായനയിലൂടെ കിട്ടുന്ന അറിവിടങ്ങള്‍ വായനക്കാരെ നവീകരിച്ച് മറ്റൊരാളാക്കുന്നു. വായന സൃഷ്ടിക്കുന്ന വിവിധ വിചാരങ്ങളുടെ സാകല്യംകൊണ്ട് പുതിയൊരു സംസ്‌ക്കാരത്തിന്റെ ഉറയൂരല്‍ നടക്കുന്നുണ്ട്. ഇന്ന് വീടുകളില്‍ സ്വന്തമായി ഗ്രന്ഥശാലകള്‍ വരെ ഉണ്ടാക്കുന്നവരുണ്ട്. ഗ്രന്ഥശാലകള്‍ മഹത്തായ യൂണിവേഴ്‌സിറ്റികളാണെന്ന് കാര്‍ലൈന്‍ പറഞ്ഞിട്ടുണ്ട്. വിഖ്യാത എഴുത്തുകാരനും ചിന്തകനും ഭാഷാപണ്ഡിതനും നോവലിസ്റ്റുമൊക്കെയായിരുന്ന ഉംമ്പര്‍ട്ടോ എക്കോ ലോകംകണ്ട വലിയൊരു വായനക്കാരനായിരുന്നു. അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാന്‍ എന്നതിനെക്കാളുപരി പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള കരുതലായി നാല് ബംഗ്‌ളാവുകള്‍ ഉണ്ടായിരുന്നു. ഓരോ ബംഗ്‌ളാവിലും കുറഞ്ഞത് ഒരു ലക്ഷം പുസ്തകങ്ങള്‍. നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു വായനയ്ക്കുപോലും അതിശയം തോന്നിയ വായനക്കാര്‍. എം.കൃഷ്ണന്‍ നായരും പി.ഗോവിന്ദപിള്ളയും ഇവരില്‍ പ്രമുഖരാണ്.

         വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനുംവേണ്ടി ഓടിനടന്ന പി.എന്‍.പണിക്കര്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥശാലാ സംഘത്തിനു രൂപം നല്‍കി. സ്‌ക്കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനാവാരം കൊണ്ടാടാനാണ് നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നത്. 1909 മാര്‍ച്ച് ഒന്നിന് പണിക്കര്‍ നീലമ്പേരൂരില്‍ ജനിച്ചു. 1995 ജൂണ്‍ 19ന് 86ാം വയസില്‍ അന്തരിച്ചു.           

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.