വരൂ, ഈ യോഗാ ഗ്രാമത്തിലേക്ക്

Wednesday 20 June 2018 1:00 am IST
ജീവിതശൈലീ രോഗങ്ങള്‍ അലട്ടുന്ന വലിയ ജനവിഭാഗത്തെ അതില്‍നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെ മുഹമ്മ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ജെ. എസ്. ശ്രീകുമാറിനെ പഞ്ചായത്ത് അധികൃതര്‍ സമീപിച്ചു. അദ്ദേഹമാണ് യോഗ എന്ന ആശയം മുന്നോട്ടുവച്ചത്. പ്രധാന മന്ത്രിയുടെ പ്രത്യേക ആരോഗ്യ പദ്ധതിയായ നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വവും ഇതിന് പിന്നിലുണ്ട്.

ര്‍ഷ ഭാരത സംസ്‌കൃതിയുടെ ഭാഗമാണ് യോഗ. മനുഷ്യ വംശത്തിന് ഭാരതം നല്‍കിയ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായ യോഗ, ഒരേസമയം ശാസ്ത്രവും കലയുമാണ്. ആയുര്‍വ്വേദവും യോഗയും സംയോജിപ്പിച്ചുള്ള ടൂറിസത്തിന് പ്രാധാന്യം ഏറിവരുന്ന ഇക്കാലത്ത് കേരളത്തെ ആഗോള യോഗ കേന്ദ്രമാക്കി മാറ്റാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് നടന്നുവരുന്നത്. 

കേരളത്തിലെ 16 ഗ്രാമങ്ങളെയാണ് യോഗ ഗ്രാമങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിലൊന്നായ മുഹമ്മ രാജ്യത്തെ ആദ്യ യോഗ ഗ്രാമമായി മാറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരളം പുരസ്‌കാരം ലഭിച്ചതും മുഹമ്മ ഗ്രാമത്തിന് ഇരട്ടി മധുരമായി.  യോഗഗ്രാമ പ്രഖ്യാപനം കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോദ് നായിക് 2018 ജൂണ്‍ പതിനാലിനാണ് നിര്‍വഹിച്ചത്. കയര്‍, കക്കാ മത്സ്യ തൊഴിലാളികള്‍ക്ക് പ്രാമുഖ്യമുള്ള കായല്‍ത്തീര ഗ്രാമത്തില്‍ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നത് ആശങ്ക വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ യോഗ ഗ്രാമമെന്ന ആശയത്തിലേക്ക് പഞ്ചായത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. രോഗാതുരമായ സമൂഹത്തില്‍ ഒരു നന്മയും ചെയ്യാനാവില്ല. പരസ്പരം സേവനം പങ്കുവയ്ക്കുകയും, കൂട്ടായ്മകള്‍ ഒത്തുചേരുകയും ചെയ്യുമ്പോഴാണ് നാട്ടില്‍ നന്മയുടെ നാമ്പുകള്‍ മുളയ്ക്കുന്നത്. 

ആശയം ജനിക്കുന്നു

ജീവിതശൈലീ രോഗങ്ങള്‍ അലട്ടുന്ന വലിയ ജനവിഭാഗത്തെ അതില്‍നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെ മുഹമ്മ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ജെ. എസ്. ശ്രീകുമാറിനെ പഞ്ചായത്ത് അധികൃതര്‍ സമീപിച്ചു. അദ്ദേഹമാണ് യോഗ എന്ന ആശയം മുന്നോട്ടുവച്ചത്. പ്രധാന മന്ത്രിയുടെ പ്രത്യേക ആരോഗ്യ പദ്ധതിയായ നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വവും ഇതിന് പിന്നിലുണ്ട്. 2016 ജൂണ്‍ 21-ലെ യോഗ ദിനത്തിലാണ് മുഹമ്മയില്‍ പരിശീലനത്തിന് തുടക്കമിട്ടത്. ആദ്യം പഞ്ചായത്ത് അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. ആയുര്‍വ്വേദ ആശുപത്രിയുടെ ടെറസില്‍ തുടങ്ങിയ പരിശീലനം 25 പേരില്‍ ഒതുങ്ങി. 

 രാവിലെ ഏഴ് മുതലായിരുന്നു പരിശീലനം. നാളുകള്‍ കഴിയുന്തോറും പരിശീലനത്തിന് എത്തുന്നവരുടെ സംഖ്യ കൂടിവന്നതോടെ സ്ഥലപരിമിതി പ്രശ്‌നമായി. അതോടെ ഏഴാം വാര്‍ഡിലെ ഓഡിറ്റോറിയത്തിലേക്ക് പരിശീലനം മാറ്റി. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും പരിശീലനം തുടങ്ങുന്നതിന്റെ ഭാഗമായി ഓരോ വാര്‍ഡില്‍ നിന്നും അഞ്ചുപേരെ വീതം തെരഞ്ഞെടുത്ത് 42 ദിവസം പരിശീലനം നല്‍കി. ഇവരാണ് സന്നദ്ധ സേവനമായി 'യോഗ ഗ്രാമം' എന്ന  ലക്ഷ്യത്തിലേക്ക് ജനങ്ങളെ നയിച്ചത്. അധ്യാപികമാരും അങ്കണവാടി ജീവനക്കാരും കയര്‍ഫാക്ടറി തൊഴിലാളികളും ബാങ്ക് മാനേജര്‍മാരും പരിശീലകരായെത്തി. ഡോക്ടര്‍മാരായ വിഷ്ണുമോഹന്‍, ജ്യോതി എന്നിവര്‍ക്കായിരുന്നു മേല്‍നോട്ടം.

ഇതിനിടെ പരിശീലകര്‍ക്ക് വേതനം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതിയെ സമീപിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. പക്ഷേ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ പഞ്ചായത്ത് തയ്യാറായില്ല. പ്രതിഫലമില്ലാതെ പരിശീലനം നല്‍കാന്‍ ബന്ധപ്പെട്ടര്‍ തയ്യാറായതോടെ യോഗ ഗ്രാമത്തിന് ജീവന്‍ വച്ചു.

പ്രചാരണം,  പരിശീലനം

ഇച്ഛാശക്തിയും സ്ഥിരോത്സാഹവും കരുത്ത് പകര്‍ന്നപ്പോള്‍ യോഗ ഗ്രാമമെന്ന ആശയത്തിന് കരുത്തും പകിട്ടുമേറി. പദ്ധതി 16 വാര്‍ഡിലേക്കും വ്യാപിച്ചതോടെ ജനങ്ങള്‍ക്ക് ഉന്മേഷമായി. ഓഡിറ്റോറിയങ്ങള്‍, അമ്പലപ്പറമ്പുകള്‍, വീടുകളിലെ ടെറസുകള്‍, കയര്‍ ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പരിശീലനം നടന്നു. സ്ഥലം സൗജന്യമായി നല്‍കാന്‍ പലരും മുന്നോട്ടുവന്നു. 

ഓരോ വാര്‍ഡിലും നാലും അഞ്ചും കേന്ദ്രങ്ങളായി. നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളും സ്‌കൂളുകളില്‍ പദ്ധതി ഏറ്റെടുത്തു. പത്താം തരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും, ദീപ്തി സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരിശീലനം നല്‍കാനായി. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് സമയം ക്രമപ്പെടുത്തി പരിശീലനം നല്‍കാനായത് വലിയ നേട്ടമായി.

മുഹമ്മ പഞ്ചായത്തിലെ ജനസംഖ്യ 25542 ആണ്.  ഇവര്‍ പതിനാറ് വാര്‍ഡുകളിലായി കഴിയുന്നു. ഇതില്‍ 14000 പേര്‍ ഇതിനകം യോഗയുടെ പ്രാഥമിക പാഠങ്ങള്‍ കരസ്ഥമാക്കിയതായി പ്രസിഡന്റ് ജെ. ജയലാല്‍ പറയുന്നു. ഒരു വീട്ടില്‍ ഒരാളെയെങ്കിലും യോഗ പരിശീലിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി പത്ത് യോഗകള്‍ അടങ്ങിയ ലഘുലേഖ എല്ലാ വീടുകളിലും എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ 22 സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

ആയുഷ്-യോഗ നാച്ചുറോപ്പതി വെല്‍നസ് സെന്ററില്‍ പ്രാഥമിക പരിശീലനം നേടിയവര്‍ക്ക് പരിശീലന സഹായിയും പുറത്തിറക്കിയിട്ടുണ്ട്. സൂക്ഷ്മ വ്യായാമങ്ങളായ കഴുത്ത്, തോള്‍, കൈമുട്ട്, കൈക്കുഴ, കൈവിരലുകള്‍, നട്ടെല്ല്, അരഭാഗം, കാല്‍മുട്ടുകള്‍, ഉപ്പുകുറ്റി, കാല്‍ വിരലുകള്‍ കൂടാതെ യോഗാസനങ്ങളായ താഡാസനം, പാര്‍ശ്വ ചക്രാസനം, വൃക്ഷാസനം, ശവാസനം എന്നിവയും മലര്‍ന്നുകിടന്നുള്ള ഉത്ഥിത പാദാസനം, പവന മുക്താസനം, സൂര്യ നമസ്‌കാരം, നാഡി ശുദ്ധി പ്രാണായാമം, ഡീപ്പ് റിലാക്‌സേഷന്‍ ടെക്‌നിക് എന്നിവ പരിശീലന സഹായിയില്‍ വിവരിച്ചിട്ടുണ്ട്. 

ഇനി യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്

യോഗ പരിശീലനത്തിലൂടെ രക്ത സമ്മര്‍ദം, പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ശമനം ഉണ്ടായതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം വാര്‍ഡില്‍ താമസക്കാരിയായ റിട്ട. അധ്യാപിക രാജലക്ഷ്മി ഇന്‍ഹേലര്‍ ഉപയോഗിച്ചിരുന്നു. യോഗ പരിശീലിച്ചതോടെ ഇന്‍ഹേലര്‍ അവര്‍ക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. പതിനാറാം വാര്‍ഡിലെ 80 വയസ്സുകാരിയായ ഭാഗീരഥിയമ്മ പ്രാണായാമം കസേരയില്‍ ഇരുന്നാണ് ശീലിച്ചത്. ഇപ്പോള്‍ കാലും മുട്ടും മടക്കാനും പ്രയാസം കൂടാതെ നിലത്തിരിക്കാനും ഈ അമ്മയ്ക്ക് കഴിയുന്നു. പലപ്പോഴും പരിശീലനത്തിന് തടസ്സമുണ്ടാകുന്നത് വീട്ടമ്മമാരുടെ സമയക്കുറവാണ്. വീട്ടമ്മമാര്‍ തന്നെ അതിന് പരിഹാരവും കണ്ടെത്തിയിട്ടുണ്ട്. 

 പുട്ടിന് പൊടി നനച്ച് കുറ്റിയില്‍ നിറച്ച് അടുപ്പില്‍വച്ചശേഷം കിട്ടുന്ന സമയം വ്യായാമത്തിനായി ഉപയോഗിക്കുന്നവരെയും, ഇഡ്ഡലിത്തട്ടില്‍ മാവ് ഒഴിച്ച്  വേവിക്കാനായി വച്ചശേഷം കിട്ടുന്ന പരിമിതമായ സമയത്തിനുള്ളില്‍ പരിശീലനം നടത്തുന്നവരേയും മുഹമ്മ ഗ്രാമത്തില്‍ കാണാം. ഇത്തരക്കാര്‍ക്ക് വീട്ടില്‍ത്തന്നെ വ്യായാമം ചെയ്യാന്‍ കഴിയുന്നു. സ്ത്രീകളിലുണ്ടാകുന്ന വാതം, ആസ്മ, വയര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് യോഗ ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം കൂടുതലുണ്ടെങ്കിലും പുരുഷന്മാരുടെ എണ്ണം താരതമ്യേന കുറവാണ്. പുരുഷ സ്വയംസഹായ സംഘങ്ങളെക്കൂടി പദ്ധതിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്.

കിടത്തിച്ചികിത്സയുള്ള യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന് പ്രോജക്ട് സമര്‍പ്പിച്ചതായി ഡോ.വിഷ്ണു മോഹന്‍ പറഞ്ഞു. ഗ്രാമീണ മേഖലയിലെ പുരോഗതി ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് അനുമതി നല്‍കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

sasidharanmuhamma@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.