കൊളംബിയയെ തകര്‍ത്ത് സമുറായ്

Tuesday 19 June 2018 8:07 pm IST
ലീഡു വഴങ്ങിയിട്ടും ഒരാളുടെ കുറവുണ്ടായിട്ടും കൊളംബിയ മികച്ച കളിയാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി അവര്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് 39-ാം മിനിറ്റില്‍ ഫലം കിട്ടി. ബോക്‌സിന് പുറത്തുനിന്ന ഫ്രീകിക്കിലൂടെയാണ് കൊളംബിയ സമനില കണ്ടെത്തിയത്. യുവാന്‍ ക്വിന്റേറോയുടെ നിലംപറ്റെയുള്ള കിക്ക് വലയിലെത്തുകയായിരുന്നു.

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ കൊളംബിയയെ തകര്‍ത്ത് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍. ചുവപ്പുകാര്‍ഡും പെനാല്‍റ്റിയും ഗോള്‍ലൈന്‍ ടെക്‌നോളജിയും ഒക്കെ കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ വിജയം നേടിയത്.  ഈ ലോകകപ്പില്‍ വിജയം നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യവുമായി ജപ്പാന്‍. നേരത്തെ സൗദിയും ഇറാനും ദക്ഷിണ കൊറിയയും പരാജയപ്പെട്ടിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ലാറ്റിനമേരിക്കന്‍ ടീമിനെ അട്ടിമറിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ബഹുമതിയും ജപ്പാന് സ്വന്തം. ജപ്പാന് വേണ്ടി കഗാവയും ഒസാക്കോവയും ഗോള്‍ നേടിയപ്പോള്‍ കൊളംബിയക്കായി യുവാന്‍ ക്വിന്റേറോ ഗോള്‍ മടക്കി. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബിയയോടേറ്റ പരാജയത്തിന് പകരം വീട്ടാനും ജപ്പാനായി.

കളിയുടെ തുടക്കത്തില്‍ തന്നെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. മൂന്നാം മിനിറ്റില്‍ ജപ്പാന്‍ മുന്നേറ്റത്തിനൊടുവില്‍ ഷിന്‍ജി കഗാവ പായിച്ച പന്ത് ബോക്‌സിനുള്ളില്‍വെച്ച് കാര്‍ലോസ് സാഞ്ചസിന്റെ കൈകളില്‍ തട്ടി. ഇതിന് റഫറി നേരിട്ട് ചുവപ്പുകാര്‍ഡ് പുറത്തെടുത്തു. ഇതോടെ കൊളംബിയ 10 പേരായി ചുരുങ്ങി. ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡാണിത്. പ്രതിഷേധവുമായി കൊളംബിയന്‍ താരങ്ങള്‍ ചുറ്റും കൂടിയെങ്കിലും റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടി. ജപ്പാന് വേണ്ടി കിക്കെടുത്ത ബൊറൂസിയ ഡോട്മുണ്ട് മിഡ്ഫീല്‍ഡര്‍ കഗാവ അനായാസം പന്ത് വലയിലെത്തിച്ച് ജപ്പാന് ലീഡ് സമ്മാനിച്ചു. ഏഷ്യന്‍ ശക്തികളുടെ അക്കൗണ്ട് തുറന്നു. 

ലീഡു വഴങ്ങിയിട്ടും ഒരാളുടെ കുറവുണ്ടായിട്ടും കൊളംബിയ മികച്ച കളിയാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി അവര്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് 39-ാം മിനിറ്റില്‍ ഫലം കിട്ടി. ബോക്‌സിന് പുറത്തുനിന്ന ഫ്രീകിക്കിലൂടെയാണ് കൊളംബിയ സമനില കണ്ടെത്തിയത്. യുവാന്‍ ക്വിന്റേറോയുടെ നിലംപറ്റെയുള്ള കിക്ക് വലയിലെത്തുകയായിരുന്നു. ക്വിന്റേറോയുടെ ഷോട്ട് ജപ്പാന്‍ ഗോളി തടുത്തെങ്കിലും അതിനുമുന്‍പേ പന്ത് ഗോള്‍വര കടന്നിരുന്നു. ഗോള്‍ലൈന്‍ ടെക്‌നോളജിയിലൂടെയാണ് ഈ ഗോള്‍ അനുവദിച്ചത്. തുടര്‍ന്നും ഇരുടീമുകളും മികച്ച കളി നടത്തിയെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല. 

രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് ഇരുടീമുകളും നടത്തിയത്. 59-ാം മിനിറ്റില്‍ ഗോള്‍ നേടിയ ക്വിന്റേറോയെ പിന്‍വലിച്ച് സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസിനെ കൊളംബിയ കളത്തിലെത്തിച്ചു. ഒടുവില്‍ 73-ാം മിനിറ്റില്‍ ജപ്പാന്റെ വിജയഗോള്‍ പിറന്നു. ഇതിഹാസ താരം കെയ്‌സുകി ഹോണ്ട എടുത്ത കോര്‍ണര്‍ കിക്കിന് ഉജ്ജ്വലമായി തലവെച്ച ഒസാക്കോയ്ക്ക് പിഴച്ചില്ല. കൊളംബിയയുടെ ഇതിഹാസ ഗോളി ഓസ്പിനയെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍ (2-1). ഇതോടെ കൊളംബിയ മുന്നേറ്റം കനപ്പിച്ചു. അവസാന മിനിറ്റുകളില്‍ കൊളംബിയന്‍ മുന്നേറ്റനിര എതിര്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും പ്രതിരോധക്കോട്ടകെട്ടി ജപ്പാന്‍ അവയെല്ലാം വിഫലമാക്കിയതോടെ വിജയം ഏഷ്യന്‍ ശക്തികള്‍ക്ക് സ്വന്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.