പകിട്ടിനും പണത്തിനും ചിത്രത്തയ്യല്‍

Wednesday 20 June 2018 1:01 am IST
പുതിയ തലമുറയ്ക്ക് ഫാഷന്‍ ഡിസൈനിങ്ങില്‍ പ്രിയമേറിയതോടെ എംബ്രോയ്ഡറിക്കും നല്ലകാലമായി. തുണികളില്‍ തലങ്ങും വിലങ്ങും തയ്ച്ചുവയ്ക്കാതെ വളരെക്കുറച്ച് തയ്യലിലൂടെ വസ്ത്രങ്ങള്‍ മനോഹരമാക്കുന്നതില്‍ മിടുക്കികളാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. പലരും ജോലിക്കൊപ്പം ഹ്രസ്വകാല ഡിസൈനിങ് കോഴ്‌സുകളും പഠിക്കാറുണ്ട്. അതാകുമ്പോള്‍ സ്വന്തം വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ മറ്റാരെയും ആശ്രയിക്കേണ്ടതില്ലല്ലോ. അതിനും പലരും പ്രയോഗിക്കുന്നത് എംബ്രോയ്ഡറിയാണ്. ഒന്നോ രണ്ടോ പൂക്കള്‍ മതി വസ്ത്രങ്ങളില്‍ ഒരു പൂക്കാലം തീര്‍ക്കാന്‍

പെണ്‍മനസ്സിന്റെ എക്കാലത്തേയും പ്രലോഭനങ്ങളാണ്  വര്‍ണ്ണനൂലുകളും  സൂചിയും. തൂവാലയിലെങ്കിലും  ഒരു പൂവ് തയ്ച്ചുനോക്കാത്ത സ്ത്രീകളുണ്ടോ? പക്ഷേ പെട്ടെന്നുള്ളൊരു കൊതി തീര്‍ന്നാല്‍ പിന്നെ പലര്‍ക്കും മടിയായി. ഉണ്ടും ഉറങ്ങിയും ടിവി കണ്ടും  ഫോണിലേക്ക് തലകുമ്പിട്ടും നേരം കളയുന്നതിലാണ് വീട്ടമ്മമാരില്‍ ഏറെപ്പേര്‍ക്കും താല്‍പര്യം. ഇതല്ലാതെ 'ക്രിയേറ്റീവ് ' ആയി എന്തെങ്കിലുമൊന്നു ചെയ്യാന്‍ ശ്രമിച്ചു നോക്കൂ. അതിന് ഏറ്റവും നല്ല വഴിയാണ് എംബ്രോയ്ഡറി അല്ലെങ്കില്‍ ചിത്രത്തയ്യല്‍. 

സ്വന്തം വസ്ത്രത്തില്‍ പരീക്ഷിച്ചാവാം  തുടക്കം. അതു കാണുമ്പോള്‍ കൂട്ടുകാരോ ബന്ധുക്കളോ ചോദിച്ചു തുടങ്ങും. കൊള്ളാമല്ലോ, ഇതെവിടുന്ന് കിട്ടി എന്നൊക്കെ. അതോടെ ആത്മവിശ്വാസമേറുകയായി.  ആവശ്യക്കാരും ഏറും. പതിയെ അത് സമ്പാദ്യത്തിലേക്ക് വഴിതുറക്കും. 

വീട്ടിലിരുന്ന് വരുമാനം നേടാന്‍ എളുപ്പവഴിയാണ് എംബ്രോയ്ഡറി. മുടക്കു മുതല്‍ വേണ്ട. പഴയ കാലമല്ല.  തയ്യല്‍ പഠിക്കാന്‍ ക്ലാസില്‍ പോകണമെന്നില്ല. യു ട്യൂബില്‍ തിരഞ്ഞാല്‍ മതി, എംബ്രോയ്ഡറിയുടെ 'എ ടു ഇസഡ്'  കാര്യങ്ങളറിയാം. 

സൂചി, നൂല്‍, തുണി വട്ടത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ മരത്തിന്റെ ഫ്രെയിം. ഇത്രയും മതി തുടക്കക്കാര്‍ക്ക്.  ഡിസൈനുകള്‍ തുണിയില്‍ പകര്‍ത്തി തയ്ച്ചുതുടങ്ങാം. ബാക്ക് സ്റ്റിച്ച്, സ്പല്‍റ്റ് സ്റ്റിച്ച്, സ്‌റ്റെം സ്റ്റിച്ച്, സാറ്റിന്‍ സ്റ്റിച്ച്, ചെയിന്‍ സ്റ്റിച്ച് തുടങ്ങി എംബ്രോയ്ഡറിയുടെ ബാലപാഠങ്ങള്‍ പെട്ടെന്നു പഠിച്ചെടുക്കാവുന്നതേയുള്ളൂ. നിരന്തരം പരിശീലിച്ചാല്‍ കൈവഴക്കവും കൂടും. 

പിന്നെ കസ്റ്റമറോട് ഓര്‍ഡറുകള്‍ സധൈര്യം വാങ്ങാം. സാരിയില്‍, ബ്ലൗസുകളില്‍,  ചുരീദാര്‍ മെറ്റീരിയലുകളില്‍, കുഞ്ഞുടുപ്പുകളിലെല്ലാം ആവശ്യക്കാരുടെ ഇഷ്ടത്തിന് തയ്ച്ചുനല്‍കിയാല്‍  തിരികെ കിട്ടുന്നത് കൈനിറയെ പണം. സാരിയില്‍ ചെയ്യുന്ന തയ്യലുകള്‍ക്ക് വിലയിടുന്നത് ആയിരത്തിനു മുകളിലാണിപ്പോള്‍.  പുത്തന്‍ ആശയങ്ങള്‍ക്കാണ് എവിടെയും ഡിമാന്റ്. എംബ്രോയ്ഡറിയിലും അതാണാവശ്യം. 

നൂലില്‍ മുത്തുകളും സ്വീക്കന്‍സും കോര്‍ത്ത് തയ്ച്ചാല്‍ എംബ്രോയ്ഡറിക്ക് മികവേറും. പലനിറത്തിലുള്ള തുണികള്‍ വാങ്ങി പൂക്കളുടെയും മറ്റും മാതൃകകള്‍ വെട്ടിയെടുത്ത് തയ്ക്കാനുള്ള തുണിയില്‍ ചേര്‍ത്തു പിടിപ്പിച്ച് എംബ്രോയ്ഡറി ചെയ്യുന്നതാണ് ആപ്ലിക് വര്‍ക്കുകള്‍. സാരികളിലാണ് ഇതിന് പകിട്ടേറുക. റിബ്ബണ്‍ വര്‍ക്കിനുമുണ്ട് നല്ല ഡിമാന്റ്. 

സുഹൃത്തുക്കളും ബന്ധുക്കളുമാണ് പലരുടെയും ആദ്യകാല കസ്റ്റമേഴ്‌സ്. ഇപ്പോള്‍ കസ്റ്റമേഴ്‌സിനെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളും തുണയാകുന്നുണ്ട്. സ്വന്തമായി ചെയ്ത വര്‍ക്കുകളുടെ ഇമേജുകള്‍  ഫെയ്‌സ് ബുക്കിലും  വാട്‌സ് ആപ്പിലും ഇട്ടാല്‍ ആവശ്യക്കാര്‍ അന്വേഷിച്ചെത്തും. അപ്പോഴും ശ്രദ്ധിക്കേണ്ടത,് ചെയ്യുന്ന തൊഴിലിന്റെ മികവിലാണ്. 

പുതിയ തലമുറയ്ക്ക് ഫാഷന്‍ ഡിസൈനിങ്ങില്‍ പ്രിയമേറിയതോടെ എംബ്രോയ്ഡറിക്കും നല്ലകാലമായി. തുണികളില്‍ തലങ്ങും വിലങ്ങും തയ്ച്ചുവയ്ക്കാതെ വളരെക്കുറച്ച്  തയ്യലിലൂടെ വസ്ത്രങ്ങള്‍ മനോഹരമാക്കുന്നതില്‍ മിടുക്കികളാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. 

പലരും ജോലിക്കൊപ്പം ഹ്രസ്വകാല ഡിസൈനിങ് കോഴ്‌സുകളും പഠിക്കാറുണ്ട്. അതാകുമ്പോള്‍ സ്വന്തം വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ മറ്റാരെയും ആശ്രയിക്കേണ്ടതില്ലല്ലോ. അതിനും പലരും പ്രയോഗിക്കുന്നത് എംബ്രോയ്ഡറിയാണ്. 

ഒന്നോ രണ്ടോ പൂക്കള്‍ മതി വസ്ത്രങ്ങളില്‍ ഒരു പൂക്കാലം തീര്‍ക്കാന്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.