സ്മാര്‍ട്ടാണ് എന്‍ ടോര്‍ക്ക്

Wednesday 20 June 2018 1:05 am IST
ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണ്‍, കണ്‍സോളുമായി കണക്ട് ചെയ്യാം. എന്‍ ടോര്‍ക് എന്ന ആപ്പിലൂടെ ഫോണിലെ വിവരങ്ങള്‍ സ്‌കൂട്ടറിന്റെ കണ്‍സോളില്‍ തെളിയും. മിസ്ഡ് കോള്‍, ഇന്‍കമിങ് കോള്‍, എസ്എംഎസ്, ഫോണ്‍ ബാറ്ററി ചാര്‍ജ് നില, ട്രിപ് റിപേര്‍ട്, ഹൈ സ്പീഡ് അലര്‍ട്ട്, അവസാനം പാര്‍ക്ക് ചെയ്ത സ്ഥലം എന്നിങ്ങനെയുള്ള വിവരങ്ങളും നല്‍കുന്നതാണിത്.

പുതുതലമുറയ്ക്ക് സ്‌പോര്‍ട്ടി ലുക്കുള്ള സ്‌കൂട്ടറുകളോട് ആരാധനയേറി വരികയാണ്. ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് എത്രനാള്‍ ഇത് കണ്ടില്ലെന്ന് നടിക്കാനാകും. ടിവിഎസ് മോട്ടോഴ്‌സും യുവാക്കളുടെ ആഗ്രഹത്തിനൊത്ത് സഞ്ചരിക്കുകയാണ്. സൂപ്പര്‍ ഫീച്ചറുകളുമായാണ് ടിവിഎസിന്റെ എന്‍ ടോര്‍ക്കിന്റെ വരവ്. സാധാരണ ഫീച്ചറുകളല്ല, തകര്‍പ്പന്‍ സ്മാര്‍ട്ട് ഫീച്ചറുകളാണ് ന്യൂജെന്‍ എന്‍ടോര്‍ക്കില്‍.

എന്‍ടോര്‍ക്കിന്റേത് ലുക്ക് മാത്രമല്ല, യുവാക്കളെ ആകര്‍ഷിക്കുന്ന എല്ലാമുണ്ട് അതില്‍. അഞ്ച് ഇഞ്ചിന്റെ ഫുള്ളി ഡിജിറ്റല്‍ കണ്‍സോളാണ് പ്രധാനം.  ലാപ് ടൈം, മൂന്നു ട്രിപ് മീറ്റര്‍, ഓഡോ മീറ്റര്‍, സ്പീഡോമീറ്റര്‍, 0 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തിലെത്താനെടുത്ത സമയം, ടോപ് സ്പീഡ് റിക്കോര്‍ഡര്‍, ശരാശരി വേഗം, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക്, എന്‍ജിന്‍ ഓയില്‍ ടെംപറേച്ചര്‍,  ഫ്യൂവല്‍ ഗേജ് തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ പറ്റുന്നതാണ് കണ്‍സോള്‍. കൂടാതെ, ബ്ലൂടൂത്ത് കണക്ടിവിറ്റിയും, നാവിഗേഷനുമുണ്ട്. സ്മാര്‍ട് കണക്ട് എന്നാണ് പേര്. 

ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണ്‍, കണ്‍സോളുമായി കണക്ട് ചെയ്യാം. എന്‍ ടോര്‍ക് എന്ന ആപ്പിലൂടെ ഫോണിലെ വിവരങ്ങള്‍ സ്‌കൂട്ടറിന്റെ കണ്‍സോളില്‍ തെളിയും. മിസ്ഡ് കോള്‍, ഇന്‍കമിങ് കോള്‍, എസ്എംഎസ്, ഫോണ്‍ ബാറ്ററി ചാര്‍ജ് നില, ട്രിപ് റിപേര്‍ട്, ഹൈ സ്പീഡ് അലര്‍ട്ട്, അവസാനം പാര്‍ക്ക് ചെയ്ത സ്ഥലം എന്നിങ്ങനെയുള്ള വിവരങ്ങളും നല്‍കുന്നതാണിത്. മാപ്‌മൈ ഇന്ത്യയുടേതാണ് മാപ്. എത്തിച്ചേരാനെടുക്കുന്ന സമയം, ദൂരം, റൂട്ട് എന്നിവയെല്ലാം കണ്‍സോളിലൂടെ അറിയാന്‍ കഴിയും.  സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന കൂര്‍ത്ത വക്കുകളും വടിവുകളുമുള്ള ബോഡി പാനലുകളാണ് പ്രധാന ആകര്‍ഷണം. 

സ്‌പോര്‍ട്ടി സൈലന്‍സര്‍, ഡയമണ്ട് കട്ട് അലോയ് വീല്‍, വിഭജിച്ച ഗ്രാബ് റെയില്‍, ടി ആകൃതിയിലുള്ള ടെയില്‍ ലാംപ്, കാര്‍ബണ്‍ ഫൈബര്‍ ശൈലിയിലുള്ള ഇന്‍സേര്‍ട്ടുകള്‍, വി ആകൃതിയിലുള്ള വലിയ ഹെഡ്ലൈറ്റ്, ഹാന്‍ഡിലില്‍ ഘടിപ്പിച്ച ഇന്‍ഡിക്കേറ്ററുകള്‍, തടിയന്‍ ടയറുകള്‍, എന്‍ഡിവെയിറ്റോടു കൂടിയ ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവയും പ്രത്യേകതകളാണ്. 

ഇന്ത്യയിലെ ആദ്യ മൂന്നു വാല്‍വ് എന്‍ജിനോടു കൂടിയതാണ് എന്‍ടോര്‍ക്ക്. കരുത്തുറ്റ എന്‍ജിനാണ്. 9.5 ബിഎച്ച്പി കരുത്തും 10.5 എന്‍എം ടോര്‍ക്കുമേകും. 116.1 കിലോയാണ് ഭാരം. മറ്റുസ്‌കൂട്ടറുകളേക്കാള്‍ കൂടുതലാണിത്. സ്‌പോര്‍ട്ടിയായ ശബ്ദമാണ് മറ്റൊരു പ്രത്യേകത. ബ്രേക്കിങ്ങിന് പെറ്റല്‍ ഡിസ്‌ക്കാണു മുന്‍ ഭാഗത്ത്.  പിന്നില്‍ ഡ്രം ബ്രേക്കാണ്. സീറ്റിനടിയില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റുണ്ട്. എന്‍ടോര്‍ക്ക് ഈ സെഗ്‌മെന്റിലെ മറ്റു വാഹന നിര്‍മ്മാതാക്കള്‍ക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.