ഒഴിവാക്കിയത് വന്‍ ദുരന്തമെന്ന് അറിയാതെ സെന്‍കുമാറിനെ വിമര്‍ശിച്ച് പിണറായി

Wednesday 20 June 2018 1:06 am IST
സെന്‍കുമാര്‍ അന്നു ചെയ്തത്- കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വിവരം അറിഞ്ഞ് എത്തിയതായിരുന്നു ദക്ഷിണ മേഖല ഐജിയായിരുന്ന സെന്‍കുമാര്‍. എസ്എഫ്‌ഐക്കാര്‍ പുറത്ത് നിന്ന് ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഇറക്കി കോളേജിനകത്ത് സംഘര്‍ഷമുണ്ടാക്കി. വിദ്യാര്‍ഥിനികള്‍ പ്രാണരക്ഷാര്‍ഥം നാലുപാടും ഓടി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു.

തിരുവനന്തപുരം: പോലീസിലെ ദാസ്യവൃത്തിയുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

എംജി കോളേജില്‍ 2005 നവംബര്‍ 24ന് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തെയാണ് പോലീസിലെ ദാസ്യവൃത്തിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി കൂട്ടുപിടിച്ചത്. പോലീസുകാരനെ പരസ്യമായി കുത്തിനു പിടിച്ചത് സെന്‍കുമാറായിരുന്നു. ധിക്കാരപരമായി പെരുമാറിയ ഉദ്യോസ്ഥനെ അന്ന് പ്രോത്സാഹിപ്പിച്ചു. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല. ചിലര്‍ വഴിതെറ്റിയിട്ടുണ്ടാകാം. തെറ്റിനെ ഒരു തരത്തിലും ന്യായീകരിക്കില്ല, മുഖ്യമന്ത്രി പറഞ്ഞു. പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിയോഗിച്ച് ദാസ്യവേല ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ  അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് സെന്‍കുമാറിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. എംജി കോളേജില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്ന് ദക്ഷിണ മേഖല ഐജിയായിരുന്ന സെന്‍കുമാര്‍ സംഘര്‍ഷം തടയുന്നതിന് എടുത്ത നിലപാടിനാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സെന്‍കുമാര്‍ അന്നു ചെയ്തത്- കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വിവരം അറിഞ്ഞ്  എത്തിയതായിരുന്നു ദക്ഷിണ മേഖല ഐജിയായിരുന്ന സെന്‍കുമാര്‍. എസ്എഫ്‌ഐക്കാര്‍ പുറത്ത് നിന്ന് ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഇറക്കി  കോളേജിനകത്ത് സംഘര്‍ഷമുണ്ടാക്കി.  വിദ്യാര്‍ഥിനികള്‍ പ്രാണരക്ഷാര്‍ഥം നാലുപാടും ഓടി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. 

ഇതോടെ അന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് ആരംഭിച്ചു. വിദ്യാര്‍ഥികള്‍ ബഹുനില മന്ദിരത്തിനു മുകളില്‍ അഭയം പ്രാപിച്ചു. കലിയടങ്ങാത്ത പോലീസ് അങ്ങോട്ടു പോകാന്‍  നീക്കമാരംഭിച്ചു. പോലീസ് അടുത്ത് എത്തുകയാണെങ്കില്‍ താഴേക്കു ചാടാനുള്ള നീക്കത്തിലായിരുന്നു വിദ്യാര്‍ഥികള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട സെന്‍കുമാര്‍ ലാത്തിച്ചാര്‍ജ് നിര്‍ത്താന്‍  ആവശ്യപ്പെട്ടു. ഇതിനിടയില്‍ സംഘര്‍ഷത്തില്‍ ഭയന്ന് ക്ലാസിലിരുന്ന ഒരു വിദ്യാര്‍ഥിയെ എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ബൈജു  സെന്‍കുമാറിന്റെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചു. മര്‍ദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ബൈജു അനുസരിച്ചില്ല. പോലീസുകാരന്റെ നെയിംപ്ലേറ്റ് എടുത്ത് മാറ്റി നിയമപ്രകാരം സംഭവസ്ഥലത്ത് വച്ച് തന്നെ സസ്‌പെന്‍ഡു ചെയ്തു. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് അവസാനിപ്പിച്ചു.

പോലീസ് മുകള്‍ നിലയിലേക്കു പോയിരുന്നെങ്കില്‍  വിദ്യാര്‍ഥികള്‍ താഴേക്ക് ചാടി വലിയൊരു ദുരന്തം ഉണ്ടാവുമായിരുന്നു. സെന്‍കുമാറിന്റെ അവസരോചിതമായ ഇടപെടല്‍ നിരവധി വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാനിടയാക്കി. പോലീസുകാരനെ സസ്‌പെന്‍ഡു ചെയ്ത നടപടി അന്ന് വിവാദമായിരുന്നു. എന്നാല്‍ സെന്‍കുമാറിന്റെ ഇടപെടല്‍ നിയമപരമായിരുന്നു എന്ന്  ചൂണ്ടിക്കാട്ടിയിരുന്നു. 

അന്ന് വിദ്യാര്‍ഥികളെ രക്ഷിക്കുകയായിരുന്നുവെന്ന് ഇന്നലെ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.