ഇന്നു ഞാന്‍, നാളെ നീ; ബൈബിളിനെ കൂട്ടുപിടിച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ

Wednesday 20 June 2018 1:20 am IST
സഭയില്‍ പതിവില്ലാത്ത കാര്യമാണ് ഒരു എംഎല്‍എ മറ്റൊരു എംഎല്‍എയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ചില മാധ്യമങ്ങള്‍ തന്നെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവര്‍ തന്റെ ഭാഗം ശരിയെന്ന് തെളിയുമ്പോള്‍ അത് മാറ്റിപ്പറയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം: കാറിനു സൈഡു കൊടുക്കാത്തതിനു യുവാവിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ ബൈബിളിനെ കൂട്ടുപിടിച്ച് നിയമസഭയില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വിശദീകരണം.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ച ബൈബിളിലെ സങ്കീര്‍ത്തനം 59 ല്‍ ഖണ്്ഡികയില്‍ അഞ്ച് മുതല്‍ 11 വരെയുളള ഭാഗത്ത് ഇന്ന് ഞാന്‍ നാളെ നീ എന്ന് പറയുന്നുണ്ട്. അത് എല്ലാവരും മനസിലാക്കണമെന്നും ഗണേഷ് സഭയില്‍ പറഞ്ഞു. പത്തനാപുരത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ അനില്‍ അക്കരയുടെ സബ്മിഷനില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍.

സഭയില്‍ പതിവില്ലാത്ത കാര്യമാണ് ഒരു എംഎല്‍എ മറ്റൊരു എംഎല്‍എയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ചില മാധ്യമങ്ങള്‍ തന്നെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവര്‍  തന്റെ ഭാഗം ശരിയെന്ന് തെളിയുമ്പോള്‍ അത് മാറ്റിപ്പറയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുമ്പോള്‍ തന്നോട് അന്വേഷിച്ചിരുന്നെങ്കില്‍ വാസ്തവം അറിയാമായിരുന്നു. ഇടതുപക്ഷ സര്‍ക്കാറിനെ ചില മാധ്യമങ്ങള്‍ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുന്നു. താന്‍ ചെങ്ങന്നൂരില്‍ പോയപ്പോള്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളയെ വിജയിപ്പിക്കണമെന്ന അനൗണ്‍സ്‌മെന്റ്് കേട്ടതായും ഗണേഷ് പറഞ്ഞു.

പത്തനാപുരത്ത് ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് സംബന്ധിച്ച് എംഎല്‍എയുടെ വാഹനത്തിലുണ്ടായിരുന്ന പ്രദീപ് കുമാറിന്റെയും എതിരെ വന്ന വാഹനത്തിലുണ്ടായിരുന്നവരുടെയും പരാതികളില്‍ കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്കു വേണ്ടി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. 

ഗണേഷ് കുമാറിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതിന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ മാറ്റി പകരം പി. സതികുമാറിനെ നിയമിച്ചതായും മന്ത്രി പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.