ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കാതിരിക്കാന്‍

Wednesday 20 June 2018 1:24 am IST
കുന്നുകള്‍ക്കും മലകള്‍ക്കും രൂപമാറ്റം വരുത്തുന്നത് എന്നും അപകടം ക്ഷണിച്ചുവരുത്തുന്ന പ്രക്രിയയാണ്. കേരളത്തിലെ ഹൈറേഞ്ചുകള്‍, ഇന്ന് നഗരവല്‍ക്കരണത്തിന്റെ പിടിയിലാണ്. ഇടനാട്ടില്‍ ലഭിക്കാവുന്ന സൗകര്യങ്ങള്‍ മലമുകളില്‍ ഒരുക്കാന്‍ ശ്രമിക്കുന്നതാണു പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കരിഞ്ചോല മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കുഴിച്ചു മൂടിയത് പതിനാലോളം പേരെയാണ്. മലയ്ക്ക് മുകളില്‍ സ്വകാര്യവ്യക്തി പണിതീര്‍ത്ത 40 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാവുന്ന സംഭരണിയും കുന്നിടിക്കലും പാറമടകളുമാണ് ഉരുള്‍പൊട്ടലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വലിയതടയണയുടെ പലഭാഗങ്ങളും ഉരുള്‍പൊട്ടലിന്റെ കുത്തൊഴുക്കില്‍ കട്ടിപ്പാറ-കരിഞ്ചോലമലയുടെ 300 മീറ്റര്‍ താഴെവരെയെത്തി. മലയുടെ ചെരിവുകളിലും ഭൂഗര്‍ഭഅറകളിലും ജലം ശേഖരിക്കപ്പെടുമ്പോഴും പാറകളുടെ അടിയില്‍ നിന്നു മണ്ണ് മാറ്റി റോഡും കെട്ടിടവും നിര്‍മിക്കുന്നത് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ഉണ്ടാകുന്ന അസന്തുലിതാവസ്ഥയും ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാകാറുണ്ട്. 

കുന്നിടിക്കുന്നതോടെ മലയുടെ സ്വാഭാവിക ചെരിവിന്റെ ദിശമാറുന്നതനുസരിച്ച് മഴവെള്ളത്തിന്റെ ഒഴുക്ക് നാം പ്രതീക്ഷിക്കാത്ത ഒറ്റപ്പെട്ട ഭൂഗര്‍ഭജലാശയങ്ങളില്‍ എത്തുകയും ഉന്നതമര്‍ദ്ദത്തിന് വിധേയമാകുകയും ചെയ്യും. ആ സമ്മര്‍ദ്ദത്തില്‍ വന്‍മരങ്ങളെപ്പോലും കടപുഴക്കി മണ്ണുംവെള്ളവും പാറയും കല്ലുമുള്‍പ്പെടെ ഭീകരശബ്ദത്തോടെ പൊട്ടി താഴേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണ് ഉരുള്‍പൊട്ടല്‍. 

കുന്നുകള്‍ക്കും മലകള്‍ക്കും രൂപമാറ്റം വരുത്തുന്നത് എന്നും അപകടം ക്ഷണിച്ചുവരുത്തുന്ന പ്രക്രിയയാണ്. കേരളത്തിലെ  ഹൈറേഞ്ചുകള്‍, ഇന്നു നഗരവല്‍ക്കരണത്തിന്റെ പിടിയിലാണ്. ഇടനാട്ടില്‍ ലഭിക്കാവുന്ന സൗകര്യങ്ങള്‍ മലമുകളില്‍ ഒരുക്കാന്‍ ശ്രമിക്കുന്നതാണു പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. കോഴിക്കോട് ജില്ലയില്‍ കക്കാടംപൊയില്‍ പിവിആര്‍ നാച്യുറോപാര്‍ക്കിനായി എംഎല്‍എ പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ലോലപ്രദേശത്ത് കുന്നിടിച്ചും മണ്ണെടുത്തും പാറപൊട്ടിച്ചും നടന്നുവരുന്ന നിര്‍മാണം

തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ പരിസ്ഥിതി ദുരന്തനിവാരണ അതോറിറ്റി ഉത്തരിവിട്ടിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പിന്റെ ക്ലിയറന്‍സ് ഇല്ലാതെയാണു നിര്‍മാണമെന്ന് ആരോപണമുണ്ട്. പാര്‍ക്കിന് വേണ്ട വെള്ളം എടുക്കുന്ന കുളത്തിനടുത്താണ് മണ്ണിടിച്ചില്‍ നടന്നത്. വലിയ കംപ്രസറിന്റെയും മോട്ടോറിന്റെയും ഭാഗങ്ങള്‍ വരെ മണ്ണിടിച്ചിലില്‍ താഴെയെത്തി. പാര്‍ക്കിലെ 26 റൈഡുകള്‍, 16 വാട്ടര്‍ പൂളുകള്‍ എന്നിവ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

മഴക്കുഴികള്‍ നിര്‍മിക്കുന്നതു പോലും അപകടം ക്ഷണിച്ചു വരുത്താവുന്ന മേഖലയിലാണ് വാട്ടര്‍തീംപാര്‍ക്ക് നിര്‍മാണം താല്‍ക്കാലിക പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയതെന്നാണ് ആരോപണം. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്തിലെ ആദിവാസികളും മലയോരകര്‍ഷകരുമാടക്കം ഒട്ടേറെപ്പേരുടെ വീടുകള്‍ക്ക് ഇതു ഭീഷണിയാണ്. താമരശ്ശേരി കരിഞ്ചോമലയുടെ ചരിവില്‍ ഉണ്ടായിരുന്ന നാലഞ്ച്‌വീടുകളില്‍ കിടന്നുറങ്ങിയവരാണ് പുലര്‍ച്ചെയുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും ഇല്ലാതായത്. 

ദുരന്തം താണ്ഡവമാടിയ മലയുടെ മുകളില്‍ ജലശേഖരണം നടത്തിയവരും കുന്നിടിച്ചും പാറപൊട്ടിച്ചും കോടികള്‍ വരുമാനമുണ്ടാക്കിയവരും എസി മുറികളില്‍  ഉറങ്ങിയവരും ഇന്നും സുഖമായിരിക്കുന്നു. കക്കാടംപൊയില്‍ വാട്ടര്‍ തീംപാര്‍ക്കിന്റെ താഴെ ജീവിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ഇനി മഴക്കാലം കഴിയുവോളം ഉറക്കമില്ലാത്ത ഭീതിയുടെ നാളുകളാണ്. 

പി.വി അന്‍വറിന്റെ ബന്ധുക്കളുടേതായ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലില്‍ 40 ഏക്കറില്‍ നിര്‍മ്മിച്ചിരിക്കുന്ന തടാകവും പെരുമഴക്കാലത്ത് അപകടഭീഷണിയില്‍ത്തന്നെയാണ്. വനവാസികളുടെ വനാവകാശ നിയമലംഘനം നടത്തി, ആദിവാസി ഊരുകളിലെത്തേണ്ട അരുവി തടഞ്ഞ്‌വച്ച് തടാക നിര്‍മ്മാണം നടത്തിയെന്നും ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തിയെന്നുമുള്ള  ആരോപണവും നിലനില്‍ക്കുന്നു. കേരള ജലസംരക്ഷണ നിയമവും ഭൂവിനിയോഗ നിയമവും മൈന്‍സ് ആന്റ് മിനറല്‍സ് (പരിപാലനവും നിയന്ത്രണവും) നിയമങ്ങളും കാറ്റില്‍ പറത്തുകയാണെന്നാണ് ആരോപണം. 

ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത് നിരപരാധികളായ സാധാരണ ജനങ്ങളായതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുന്നില്ലെന്നത് ജനാധിപത്യത്തിന്റെ അപാകതയായി മാത്രമേ കാണാനാവൂ. ദുരന്തസാധ്യതയുള്ളിടത്ത് ഇത്തരം നിര്‍മാണങ്ങള്‍ക്കായി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന തദ്ദേശഭരണസംവിധാനങ്ങളാണ് സാധാരണക്കാരുടെ ഏറ്റവും വലിയ ഭീഷണി. 

ഇതുവരെ ഉണ്ടായിട്ടുള്ള ഒട്ടുമിക്ക ആരോപണങ്ങളിലും നിയമത്തിന്റെ നൂലാമാലകള്‍ വളച്ചൊടിച്ച് പ്രകൃതിദുരന്തസാധ്യത നിലനിര്‍ത്തിയിരിക്കുന്നുവെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മഴക്കാലത്തും വേനല്‍ക്കാലത്തും ജനങ്ങള്‍ക്ക് ഒരുപോലെ ഭീഷണി ഉയര്‍ന്നിട്ടും നടപടികള്‍ നാമമാത്രമായിത്തീരുന്നു. 

പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ചലിക്കുന്ന ഭരണയന്ത്രം നാടിന് ശാപമാണ്. മുന്നറിയിപ്പുകളൊന്നും വകവെയ്ക്കാതെ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന തദ്ദേശസ്വയംഭരണ സംവിധാനങ്ങള്‍ക്കും ജില്ലാഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ കൂച്ചുവിലങ്ങിടണം. നിയമലംഘനങ്ങള്‍ പഠിക്കുവാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാകുന്നതാണ് പ്രശ്‌നം. സാധാരണക്കാരന്റെ ജീവനും ഇവിടെ വിലയുണ്ടാകണം. തലയ്ക്ക് മുകളില്‍ അപകടം കണ്ടുകൊണ്ട് ജീവിക്കേണ്ടിവരുന്ന ജനങ്ങളുടെ വേദന ജനസേവകരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണകര്‍ത്താക്കള്‍ അറിയണം. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം.

 അശാസ്ത്രീയമായ മണ്ണെടുപ്പും പാറഖനനവും തടാക നിര്‍മ്മാണവും തടയണനിര്‍മ്മാണവും കെട്ടിടനിര്‍മ്മാണങ്ങളും തടയണം. സമുദ്രനിരപ്പില്‍ നിന്ന് 600 അടി ഉയരത്തിലുള്ളതും മുപ്പത് ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ളതുമായ സ്ഥലങ്ങള്‍ മലകളാണ്. ഇവിടങ്ങളില്‍ എന്ത് ചെയ്യാനാകും എന്ത്  ചെയ്യരുത് എന്നു കൃത്യമായി നിര്‍വ്വചിക്കുകയും നടപ്പാക്കുകയും വേണം. നിയന്ത്രിക്കാനാകാതെ മഴവരുന്ന കാലഘട്ടമാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ നാളുകള്‍ എന്ന് തിരിച്ചറിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.