എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന പിന്‍വലിച്ചു

Wednesday 20 June 2018 1:31 am IST

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ താത്ക്കാലികമായി പിന്‍വലിച്ചു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നുവെങ്കിലും വ്യവസ്ഥകള്‍ പാലിച്ച് വാങ്ങാന്‍ ആരുമെത്തിയില്ല. ഇതേത്തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കുന്നത്. 

 വ്യവസ്ഥകളില്‍ മാറ്റം വരുത്തി ഓഹരികള്‍ വിറ്റഴിച്ചാലും എയര്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു തീരുമാനം. 

 എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 50,000 കോടി രൂപയുടെ കടമുണ്ടെന്നാണ് കണക്ക്. ഓഹരികള്‍ വാങ്ങാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ മുമ്പ് രംഗത്തു വന്നെങ്കിലും രാജ്യാന്തര സര്‍വീസുകളുടെ കാര്യത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അവര്‍ പിന്മാറുകയായിരുന്നു.

ധനകാര്യ വകുപ്പിന്റെ താത്ക്കാലിക ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ധനകാര്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

എയര്‍ ഇന്ത്യയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു തീരുമാനം. 

മൂന്നാഴ്ചയോളമായിട്ടും ലേലത്തിന് ആരും മുന്നോട്ടു വന്നിരുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ വില്‍പന നടക്കില്ലെന്നും എയര്‍ ഇന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.