ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കവേണ്ട: കോഴിക്കോട് രൂപതാ ബിഷപ്പ്

Wednesday 20 June 2018 1:32 am IST

കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയ്ക്കുള്ള കാര്യങ്ങള്‍ രാജ്യത്ത് ഇല്ലെന്ന് കോഴിക്കോട് രൂപതാ ബിഷപ് ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍. കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ദേശീയ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വി. മുരളീധരന്‍ എംപിയുടെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയ്ക്ക് കാരണങ്ങള്‍ ഇല്ല. രാജ്യത്തെ ചിലസ്ഥലങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതൊന്നും മുതിര്‍ന്ന നേതാക്കള്‍ അറിയുന്നുണ്ടാകില്ല. താഴേത്തട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ ഉത്തരാവാദിത്തം മുഴുവന്‍ പ്രധാനമന്ത്രി നദേന്ദ്രമോദിയുടെ തലയില്‍ വയ്ക്കാനാകില്ല, ബിഷപ്പ് പറഞ്ഞു. 

ഭരണത്തില്‍ നല്ല കാര്യങ്ങളും നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളും ഉണ്ടാകും. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ എതിര്‍പ്പ് ഉണ്ടാകും. എല്ലാ കാര്യങ്ങളും അംഗീകരിക്കാനുമാകില്ല. അതുകൊണ്ട് അതിനെ ചീത്ത ഭരണം എന്ന് പറായാനാകില്ല.

ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ നേരില്‍ സംസാരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ സംസാരിച്ചു. 

മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കോസ്റ്റല്‍ റഗുലേഷന്‍ സോണുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെയെങ്കിലും പരിഹാരം ഉണ്ടായിതുടങ്ങിയിട്ടുണ്ട്. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ നയം രൂപീകരിക്കാന്‍ ശ്രമത്തിന് കേരളത്തില്‍ നിന്നാണ് എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചതായും ബിഷപ്പ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ അടങ്ങിയ ലഘുലേഖ വി.മുരളീധരന്‍ എംപി ബിഷപ്പിന് നല്‍കി. ദേശീയ സമ്പര്‍ക്കത്തിന്റെ ഭാഗമായി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെയും സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.