ജയിക്കാനുറച്ച് പറങ്കികള്‍

Wednesday 20 June 2018 1:31 am IST

മോസ്‌കോ: സ്പാനിഷ് ചെമ്പടയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. എതിരാളികള്‍ ആദ്യ മത്സരത്തില്‍ ഇറാനോട് 1-0ന് തോറ്റ മൊറോക്കോയാണ്. ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ 20ന് വൈകിട്ട് 5.30നാണ് കിക്കോഫ്. കടലാസിലെ കരുത്ത് വച്ചുകണക്കാക്കിയാല്‍ മൊറോക്കോ പോര്‍ച്ചുഗലിന് വലിയ വെല്ലുവിളിയാവാനിടയില്ല.

സ്‌പെയിനിനെ 3-3നായിരുന്നു ക്രിസ്റ്റിയാനോയുടെ പറങ്കികള്‍ ആദ്യ കളിയില്‍ സമനിലയില്‍ കുടുക്കിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിനുടമയും ലോക ഫുട്‌ബോളറുമായ ക്രിസ്റ്റിയാനോ തന്നെയാണ് പറങ്കികളുടെ തുറുപ്പുചീട്ട്. ക്രിസ്റ്റിയാനോയുടെ സാന്നിദ്ധ്യം തന്നെയാണ് പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. 4-2-3-1 ശൈലിയില്‍ ക്രിസ്റ്റിയാനോയെ ഏക സ്‌ട്രൈക്കറാക്കിയായിരിക്കും പോര്‍ച്ചുഗല്‍ മൊറോക്കോക്കെതിരെയും കളത്തിലിറങ്ങുക. കളിതുടങ്ങിക്കഴിഞ്ഞാല്‍ 4-4-2 രീതിയിലേക്ക് പോര്‍ച്ചുഗല്‍ ഗെയിം പ്ലാന്‍ മാറ്റും. എതിരാളികളുടെ ശക്തിദൗര്‍ബല്യമനുസരിച്ചുള്ള ഗെയിം പ്ലാനായിരിക്കും അവര്‍ കളത്തില്‍ പുറത്തെടുക്കുന്നത്. പെപ്പെയും ഫോണ്‍ടെയും സെഡ്രികോയും റാഫേല്‍ ഗ്വരേയ്‌രോയും അടങ്ങുന്ന മികച്ച പ്രതിരോധവും പോര്‍ച്ചുഗലിന് സ്വന്തമാണ്.

മധ്യനിരയും മികച്ചതാണ്. ജാവോ മൗടീഞ്ഞോയും ബെര്‍ണാഡോ സില്‍വയും ഗ്വിഡെസും ബ്രൂണോ ഫെര്‍ണാണ്ടസുമെല്ലാം മധ്യനിരയില്‍ കളിമെനയുന്നതില്‍ മിടുക്കരുമാണ്. മറുവശത്ത് ഇറാനെതിരായ ആദ്യ മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയിട്ടും തോല്‍ക്കേണ്ടിവന്നതിന്റെ നിരാശയിലാണ് മൊറോക്കോ. കളിയുടെ ഇഞ്ചുറി സമയത്ത് വഴങ്ങിയ സെല്‍ഫ് ഗോളാണ് മൊറോക്കോയ്ക്ക് തോല്‍വി സമ്മാനിച്ചത്. മത്സരത്തില്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴച്ചു. ഒടുവില്‍ സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് അസിസിന്റെ കാലുകളില്‍ നിന്ന് പന്ത് സ്വന്തം വലയില്‍ കയറിയത്. ഇറാനെതിരെ എന്നപോലെ മധ്യനിരക്ക് മുന്‍തൂക്കം നല്‍കി 4-5-1 ശൈലിയിലായിരിക്കും മൊറോക്കോ പോര്‍ച്ചുഗലിനെ നേരിടാനിറങ്ങുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.