ഇറാനെ തകര്‍ക്കാന്‍ കാളപ്പോരുകാര്‍

Wednesday 20 June 2018 1:35 am IST

കസാന്‍: ആദ്യ കളിയില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിച്ച സ്‌പെയിന്‍ ഗ്രൂപ്പ് ബിയില്‍ ഇന്ന് രണ്ടാം കളിക്ക്. എതിരാളികള്‍ ഏഷ്യന്‍ കരുത്തരായ ഇറാന്‍. രാത്രി 11.30ന് കസാന്‍ അരീനയിലാണ് മത്സരം. 

4-2-3-1 ശൈലിയില്‍ കളിക്കാനിറങ്ങുന്ന ഇറാന്‍ മൊറോക്കോക്കെതിരെ നേടിയ അപ്രതീക്ഷിത വിജയം ആത്മവിശ്വാസമേകുന്നുണ്ട്. എന്നാല്‍ അത്ര തിളക്കമുള്ളതൊന്നുമല്ല ഈ വിജയം. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മൊറോക്കോയുടെ ഏഴയലത്തുപോലും എത്താന്‍ ഇറാനായിരുന്നില്ല. വളരെ അപൂര്‍വമായാണ് എതിര്‍ ബോക്‌സില്‍ പന്തെത്തിക്കാന്‍ പോലും അവര്‍ക്കായത്. 

എന്നാല്‍ എതിരാളികള്‍ സ്‌പെയിനാണെന്നതിനാല്‍ മൊറോക്കോക്കെതിരായ വിജയം നല്‍കുന്ന ആത്മവിശ്വാസം കൊണ്ടൊന്നും കാര്യമായ ഗുണമില്ലെന്ന് ഇറാന്‍ കോച്ചിനും കളിക്കാര്‍ക്കും നല്ലവണ്ണമറിയാം. പ്രതിഭകളുടെ കാര്യത്തിലായാലും ലോക ഫുട്‌ബോളിലെ എണ്ണംപറഞ്ഞ താരങ്ങളാണ് സ്പാനിഷ് ചെമ്പടയ്ക്കായി കളത്തിലെത്തുന്നത്. ഡീഗോ കോസ്റ്റയെ സ്‌ട്രൈക്കറായി ഇറക്കിയാണ് പോര്‍ച്ചുഗലിനെതിരെ സ്‌പെയിന്‍ എത്തിയത്. രണ്ട് ഗോളടിച്ച് കോസ്റ്റ കോച്ചിന്റെ വിശ്വാസം സൂക്ഷിക്കുകയും ചെയ്തു. പോര്‍ച്ചുഗലിനെതിരെ 4-2-3-1 ശൈലിയില്‍ കളിച്ചുതുടങ്ങിയ സ്‌പെയിന്‍ മത്സരം പുരോഗമിക്കവെ 4-3-3 ശൈലിയിലേക്ക് നീങ്ങി. ഡീഗോ കോസ്റ്റയ്‌ക്കൊപ്പം ഇസ്‌കോയും ഡേവിഡ് സില്‍വയും സ്‌ട്രൈക്കര്‍മാരായി. മധ്യനിരയില്‍ ഇനിയേസ്റ്റ നെടുനായകത്വം വഹിച്ചപ്പോള്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സും കോകെയും മികച്ച പിന്തുണ നല്‍കി. പ്രതിരോധത്തില്‍ നായകന്‍ സെര്‍ജിയോ റാമോസും, ജെറാര്‍ഡ് പിക്വെയും നാച്ചോയും ജോര്‍ഡി ആല്‍ബയും ഇറങ്ങും. സ്പാനിഷ് സ്‌ട്രൈക്കര്‍മാരായ കോസ്റ്റ, സില്‍വ, ഇസ്‌കോ തുടങ്ങിയവരെ പിടിച്ചുകെട്ടുക എന്നതാണ് ഇറാന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി അത്രയൊന്നും കരുത്തരല്ലാത്ത അവരുടെ പ്രതിരോധനിരയ്ക്ക് ഭഗീരഥ പ്രയത്‌നം ചെയ്യേണ്ടിവരും. ഇറാനെ തകര്‍ത്ത് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കുക എന്ന് സ്‌പെയിന്‍ ലക്ഷ്യമിടുമ്പോള്‍ മൊറാക്കോക്കെതിരെ നേടിയ അപ്രതീക്ഷിത വിജയം പോലെ മറ്റൊരു അട്ടിമറിയാണ് ഇറാന്‍ കണക്കുകൂട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.