വിഐപി സുരക്ഷ കിട്ടിയാല്‍ പോലീസു പണി 'സുരക്ഷിതം'

Wednesday 20 June 2018 1:38 am IST
സുരക്ഷാ ഡ്യൂട്ടിയുമായി ഒരു നേതാവിനൊപ്പം ചേര്‍ന്നാല്‍ പിന്നെ തിരിച്ചുവരവില്ല. വിഐപി ഡ്യൂട്ടിയിലാണെങ്കില്‍ ക്രമസമാധാന ഡ്യൂട്ടി, ക്യാംപിലെ പരിശീലനം, സംഘര്‍ഷ മേഖലകളിലെ ഡ്യൂട്ടി എന്നിവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാം. സസ്‌പെന്‍ഷന്‍, ഡീ പ്രമോഷന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല.

കോഴിക്കോട്: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കല്‍ മാത്രമല്ല മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ക്കൊപ്പം ഡ്യൂട്ടി കിട്ടിയാല്‍ ജീവിതം 'സുരക്ഷിത'മെന്നാണ് പോലീസിലെ ഒരുവിഭാഗത്തിന്റെ നിലപാട്. ഈ ഡ്യൂട്ടി ചോദിച്ചു വാങ്ങുന്നവരുണ്ട്. യാതൊരു ചുമതലകളുമില്ലാതെ അവധിയും എല്ലാ ആനുകൂല്യങ്ങളും പ്രൊമോഷനും ഗുഡ്‌സര്‍വ്വീസ് എന്‍ട്രിയും വരെ ലഭിക്കുമെന്നതാണ് ഈ സുരക്ഷാ ഡ്യൂട്ടിയുടെ പ്രത്യേകത.

സുരക്ഷാ ഡ്യൂട്ടിയുമായി ഒരു നേതാവിനൊപ്പം ചേര്‍ന്നാല്‍ പിന്നെ തിരിച്ചുവരവില്ല. വിഐപി ഡ്യൂട്ടിയിലാണെങ്കില്‍ ക്രമസമാധാന ഡ്യൂട്ടി, ക്യാംപിലെ പരിശീലനം, സംഘര്‍ഷ മേഖലകളിലെ ഡ്യൂട്ടി എന്നിവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാം. സസ്‌പെന്‍ഷന്‍, ഡീ പ്രമോഷന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല. വിഐപിയുടെ ഇഷ്ടക്കാരനായാല്‍ പിന്നെ ഗുസ് സര്‍വ്വീസ് എന്‍ട്രിവരെ ലഭിക്കും. അറ്റന്‍ഡന്റ്‌സ് സ്വയം രേഖപ്പെടുത്താം. ഇഷ്ടാനുസരണം ഓഫും ലീവും. ഒരു സാധാരണ പോലീസുകാരന് മാസത്തില്‍ ഓഫ് ഡ്യൂട്ടി രണ്ടെണ്ണം കിട്ടിയാലായി. ഇവര്‍ക്ക് നാലെണ്ണം കിട്ടും.

ദല്‍ഹി ബന്ധമുള്ള വിഐപിയെയാണ് കിട്ടുന്നതെങ്കില്‍ രക്ഷപ്പെട്ടെന്നാണ് കാക്കിക്കുള്ളിലെ സംസാരം. വിഐപി ദല്‍ഹിയിലേക്ക് പറന്നാല്‍ പിന്നെ വീട്ടില്‍ സുഖമായി ഇരിക്കാം. 30 ദിവസവും ഇവര്‍ ഡ്യൂട്ടിയിലാണെന്നാണ് അറ്റന്‍ഡന്‍സ് പരിശോധിച്ചാല്‍ മനസ്സിലാകുക. സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ 180ല്‍ താഴെ ലീവ് സറണ്ടര്‍ ചെയ്യുമ്പോള്‍ ഇവര്‍ 300 എണ്ണം വരെ സറണ്ടര്‍ ചെയ്യും. യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും നേതാക്കളുടെ സുരക്ഷയില്‍മാത്രം കൈകടത്തില്ല. ഒരിക്കല്‍ നല്‍കിയാല്‍ ആജീവനാന്തം സുരക്ഷ തന്നെ. 

മുന്‍ കേന്ദ്രമന്ത്രിമാരില്‍ തുടങ്ങി പോലീസ് ഉന്നതര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ എംഎല്‍എമാര്‍, മതനേതാക്കള്‍ തുടങ്ങി സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ വരെ പൊലീസുകാരുണ്ട്. 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനോടൊപ്പമുള്ള പോലീസുകാരന്‍ ക്യാമ്പില്‍ നിന്ന് പോയിട്ട് 20 വര്‍ഷമായി. 

പി. ജയരാജന് പുറമെ സിപിഎമ്മിന്റെ ഓര്‍ക്കാട്ടേരി, നാദാപുരം ഏരിയാ സെക്രട്ടറിമാര്‍ക്കും രണ്ടു പൊലീസുകാര്‍ ഒപ്പമുണ്ട്. 276 പൊലീസുകാരാണ് വിഐപി ഡ്യൂട്ടിയില്‍ ഉള്ളത്. വിരമിച്ചവരടക്കമുള്ള ജഡ്ജിമാര്‍ക്കൊപ്പവും 180ല്‍ അധികം പൊലീസുകാരുണ്ട്. പേഴ്‌സണല്‍ സ്റ്റാഫായി നിയോഗിക്കുന്ന പൊലീസുകാരന്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ക്കൊപ്പം നില്‍ക്കരുതെന്നാണു ചട്ടം. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ക്കൊപ്പം വര്‍ഷങ്ങളായി 'സുരക്ഷ' ഒരുക്കുന്ന പോലീസുകാരാണ് അധികവും.

മോന്തായവും വളഞ്ഞു

കോഴിക്കോട്:  ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സുരക്ഷ ഒരുക്കുന്നത് 11 ക്യാമ്പ് ഫോളോവേഴ്‌സ് അടക്കം 36 പോലീസുകാര്‍. ഇവരെ മടക്കിവിളിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടതോടെ ചില പൊലീസുകാരെ ക്യാമ്പിലേക്കു മടക്കി അയച്ചു. 

ടോമിന്‍ ജെ. തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരിക്കെ, രാഷ്ട്രീയക്കാരുടെയും മറ്റു വിഐപികളുടേയും സുരക്ഷാ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ 3,200 പേരുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിയമ പ്രകാരമല്ലാതെ ക്യാംപില്‍നിന്നു മാറി ആറു വര്‍ഷമായി പൊലീസ് ആസ്ഥാനത്തു ജോലി ചെയ്യുന്നയാളെയും പരിശോധനയില്‍ കണ്ടെത്തി. 

പണ്ടെങ്ങോ അസുഖം വന്നതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി ചെയ്യാതെ വര്‍ഷങ്ങളായി ശമ്പളം വാങ്ങിക്കുന്ന ഒരു ഡിവൈഎസ്പിയെയും പരിശോധനയില്‍ കണ്ടെത്തി. ഉന്നതരുടെ നിര്‍ദ്ദേശപ്രകാരം പകരം ജോലി ചെയ്യുന്നവരെക്കുറിച്ചു പരിശോധിക്കാന്‍ പൊലീസ് ആസ്ഥാനത്തു സംവിധാനവുമില്ല.

മാഡത്തിന്റെ 'ഗുഡ്' സര്‍ട്ടിഫിക്കറ്റ്

കോഴിക്കോട്:  വിഐപികളുടെയും പോലീസ് ഉന്നതരുടെയുമൊക്കെ സഹധര്‍മ്മിണിമാര്‍ 'ഗുഡ്' എന്ന പറഞ്ഞാല്‍ പോലീസുകാരന്‍ രക്ഷപ്പെട്ടു. പിന്നെ ആജീവനാന്തം ആരെയും പേടിക്കാതെ ജീവിക്കാം. 

ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്കൊപ്പമാണെങ്കില്‍ പ്രധാന കേസുകളിലൊക്കെ പ്രതികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇവരുടെ പേരും എഴുതിച്ചേര്‍ക്കും. ഇല്ലെങ്കില്‍ മാഡത്തിനോട് പറഞ്ഞാല്‍ മതി. അങ്ങനെ പോലീസ് മെഡല്‍ നേടിയവര്‍ വരെ സേനയിലുണ്ടെന്ന് പോലീസുകാര്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ക്കൊപ്പമാണെങ്കില്‍ ഇഷ്ടം പോലെ ലീവും ഓഫും ഒക്കെ എടുക്കാം. 

മാഡത്തിന്റെ നിര്‍ദ്ദേശാനുസരണം ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയുമൊക്കെ സ്വകാര്യ ബിസിനസുകള്‍ വരെ നോക്കി നടത്തുന്ന പോലീസുകാരും സേനയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.