ലീലാമേനോന്‍ മനുഷ്യസ്‌നേഹിയായ പത്രപ്രവര്‍ത്തക: കുമ്മനം

Wednesday 20 June 2018 1:41 am IST
സമൂഹത്തില്‍ വേദന അനുഭവിക്കുന്നവരോട് ആര്‍ദ്രമായ മനസ്സായിരുന്നു ലീലാ മേനോന്. അവരുടെ എഴുത്തുകളിലുടനീളം അത് കാണാനായി. മാധ്യമ പ്രവര്‍ത്തനത്തിന്റെ അവസാന നാളുകളിലും അവര്‍ക്കായി പ്രവര്‍ത്തിച്ചു. നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ മനസ്സ്, മുഖം മൂടിയില്ലാത്ത പെരുമാറ്റം, വാക്കുകളിലൊതുക്കാന്‍ പറ്റാത്ത വ്യക്തിത്വമായിരുന്നു ലീലാ മേനോന്റേതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി നിലകൊണ്ട മനുഷ്യസ്‌നേഹിയായ പത്രപ്രവര്‍ത്തകയായിരുന്നു ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ലീലാ മേനോനെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. എറണാകുളം ടൗണ്‍ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച  ലീലാ മേനോന്‍ അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സമൂഹത്തില്‍ വേദന അനുഭവിക്കുന്നവരോട് ആര്‍ദ്രമായ മനസ്സായിരുന്നു ലീലാ മേനോന്. അവരുടെ എഴുത്തുകളിലുടനീളം അത് കാണാനായി. മാധ്യമ പ്രവര്‍ത്തനത്തിന്റെ അവസാന നാളുകളിലും അവര്‍ക്കായി പ്രവര്‍ത്തിച്ചു. നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ മനസ്സ്,  മുഖം മൂടിയില്ലാത്ത പെരുമാറ്റം, വാക്കുകളിലൊതുക്കാന്‍ പറ്റാത്ത വ്യക്തിത്വമായിരുന്നു ലീലാ മേനോന്റേതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളിരുവരും ഒരുമിച്ച് പത്രപ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവന്നവരാണ്. ആ ആത്മബന്ധമാണ് ലീലാ മേനോനെ ജന്മഭൂമിയിലേക്ക് എത്തിച്ചത്. 

വിദ്യാഭ്യാസ കാലത്തും തുടര്‍ന്നുള്ള പത്രപ്രവര്‍ത്തന ജീവിതത്തിലും എനിക്ക് വളരെ അധികം പിന്തുണയും പ്രോത്സാഹനവും  നല്‍കിയിരുന്നു. മാധ്യമ രംഗത്ത്  വലുപ്പ ചെറുപ്പം നോക്കാതെയായിരുന്നു അവരുടെ പ്രവര്‍ത്തനം. ലീലാ മേനോന് അര്‍ഹിക്കുന്ന അംഗീകാരം കേരളത്തില്‍ ലഭിച്ചിട്ടില്ല. ഇതിനായി തന്നാല്‍ കഴിയുന്നത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

മുഖംമൂടിയില്ലാത്ത വ്യക്തിത്വമാണ് ലീലച്ചേച്ചിയുടേതെന്നും ദേശീയതലത്തില്‍ തന്നെ ആദരിക്കപ്പെടേണ്ട അവരെ ഒരു പത്മ പുരസ്‌കാരത്തിനുപോലും പരിഗണിക്കാതിരുന്നത് വേദനയുണ്ടാക്കുന്നുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ കേരളാ എഡിറ്റര്‍ മനോജ് കെ. ദാസ് പറഞ്ഞു. രോഗത്താല്‍ വേദനിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കിയ അപൂര്‍വ വ്യക്തിത്വമായിരുന്നു ലീലാ മേനോനെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍ സി.ജെ. ജോണ്‍ അനുസ്മരിച്ചു. 

ലീലാ മേനോന്റെ പുസ്തകങ്ങള്‍ പ്രസ്‌ക്ലബിലെ ലൈബ്രറിയില്‍ പ്രത്യേകം സൂക്ഷിക്കുമെന്നും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി അവരുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി. ദിലീപ് അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.  

ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി.  ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും യൂണിറ്റ് മാനേജന്‍ നവീന്‍ കേശവ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.