ദേവപ്രശ്‌നചിന്ത: ശബരിമലയെ അവഹേളിക്കുന്നതില്‍ ആശങ്ക

Wednesday 20 June 2018 1:42 am IST

പത്തനംതിട്ട: ദേവപ്രശ്‌നചിന്തയുടെ പേരില്‍ ശബരിമല ക്ഷേത്രത്തെയും ഹൈന്ദവവിശ്വാസങ്ങളേയും അപഹസിക്കാനും അവഹേളിക്കാനും സാമൂഹിക മാധ്യമങ്ങളെ മറയാക്കുന്നതില്‍ ഭക്തര്‍ക്ക് ആശങ്ക. അടുത്തിടെ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നചിന്തയില്‍ തെളിഞ്ഞതും ദേവസ്വം അധികൃതര്‍ നടപ്പാക്കേണ്ടതുമായ നിരവധികാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലെ ദുരാരോപണങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുമെന്നും ഭക്തര്‍ പറയുന്നു.

 ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ ദേവഹിതം അറിയുന്നതിനായി പൂര്‍വികര്‍ സത്യസന്ധമായും യുക്തിഭദ്രമായും നടത്തിയിരുന്നതാണ് ദേവപ്രശ്‌നചിന്ത. ദൈവജ്ഞനെ ക്ഷണിക്കാനെത്തുന്നത് മുതലുള്ള നിമിത്തങ്ങളെയും ലക്ഷണങ്ങളേയും അടിസ്ഥാനമാക്കി പ്രഗത്ഭരായ താര്‍ക്കികന്മാരടങ്ങുന്ന പണ്ഡിതസദസ്സ് ശ്ലോകങ്ങള്‍ ഉദ്ധരിച്ച് തര്‍ക്കിച്ചും ന്യായാന്യായങ്ങള്‍ ചിന്തിച്ചും അവസാനം എത്തിച്ചേരുന്ന നിഗമനങ്ങളാണ് ദേവഹിതമായി പുറത്തുവരുന്നത്. 

ശബരിമലയിലെ ദേവപ്രശ്‌നചിന്തയ്ക്കിടെ താംബൂലപ്രശ്‌നം ചിന്തിക്കുന്നതിനിടയില്‍ എടുത്ത വെറ്റിലയുടെ മധ്യഭാഗം മുറിഞ്ഞും വാലറ്റം ചീഞ്ഞളിഞ്ഞും കണ്ടതിനെപ്പറ്റിയുള്ള ചിന്തയ്ക്കിടയിലാണ് തന്ത്രിവിഷയം ചര്‍ച്ചയാകുന്നത്. നിലവില്‍ ദേവസ്വം ബോര്‍ഡിന്റേതടക്കം നിരവധി ക്ഷേത്രങ്ങളില്‍ താന്ത്രികപദവി വഹിക്കുന്ന ആളിനെ ശബരിമലയിലെ താന്ത്രികപദവിയിലേക്ക് വീണ്ടും കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള പരാമര്‍ശമുണ്ടായതിന്റെ പേരില്‍ ദേവഹിതമറിയാനുള്ള സംവിധാനത്തെ ആകെ അവഹേളിക്കുന്നത് ക്ഷേത്രവിശ്വാസത്തിനെതിരെയുള്ള നീക്കമായി കാണണമെന്നാണ് ഭക്തരുടെ അഭിപ്രായം.  

തന്ത്രിയുടെ പുനരാഗമനം വിവാദമാക്കുന്നതിലൂടെ ദേവപ്രശ്‌നചിന്തയില്‍ ഉയര്‍ന്നുവന്നതും അടിയന്തരമായി ദേവസ്വം ബോര്‍ഡ് നടപ്പാക്കേണ്ടതുമായ പല കാര്യങ്ങളും വിസ്മൃതിയിലാകും. രാമായണവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന അടയാളങ്ങള്‍ സംരക്ഷിക്കണമെന്ന നിര്‍ദേശമടക്കം ദേവഹിതമായി വെളിപ്പെട്ടതിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.