സമരം അവസാനിപ്പിച്ചു; നാണംകെട്ട് കേജ്‌രിവാളും പാര്‍ട്ടിയും

Wednesday 20 June 2018 1:43 am IST
ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഇടപെടലായി വ്യാഖ്യാനിച്ചാണ് ഒന്‍പത് ദിവസത്തെ സമരം അവസാനിപ്പിച്ച് കേജ്‌രിവാള്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ന്യൂദല്‍ഹി: ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസിലെ കുത്തിയിരിപ്പ് സമരം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും അവസാനിപ്പിച്ചു. 

ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഇടപെടലായി വ്യാഖ്യാനിച്ചാണ് ഒന്‍പത് ദിവസത്തെ സമരം അവസാനിപ്പിച്ച് കേജ്‌രിവാള്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരുമായി കെജ്‌രിവാളിന് നേരത്തെ തന്നെ ചര്‍ച്ച നടത്താന്‍ സാധിക്കുമായിരുന്നു. ഇതിന് ഒന്‍പത് ദിവസം സമരം നടത്തിയതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ഭരണപരാജയങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കുന്നതിന് ആപ്പ് നടത്തിയ നാടകമായിരുന്നു സമരമെന്ന വിലയിരുത്തലുമുണ്ട്.

 ചീഫ് സെക്രട്ടറി അന്‍ശു പ്രകാശിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആപ്പ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് സമരത്തിലാണ്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കേജ്‌രിവാളും മന്ത്രിമാരും സമരം ആരംഭിച്ചത്. 

എന്നാല്‍ പിന്നീട് സമരം അവസാനിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി ആപ്പ് നേതൃത്വം. ഓഫീസിലെ സോഫ കൈയേറി ധര്‍ണ നടത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഗൗനിച്ചില്ല. തരംതാണ രാഷ്ട്രീയ ആരോപണങ്ങള്‍ ആപ്പ് നേതാക്കള്‍ ഉന്നയിച്ചപ്പോഴും അദ്ദേഹം അവഗണിച്ചു. ഇതോടെ വിഷയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിച്ചിഴയ്ക്കാനായി ശ്രമം.  പിണറായി വിജയന്‍ ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിന് പിന്നാലെ ഹൈക്കോടതി കണക്കിന് വിമര്‍ശിക്കുകയും ചെയ്തതോടെ കേജ്‌രിവാള്‍ പ്രതിരോധത്തിലായി. 

ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. സമരം അനിശ്ചിതമായി നീണ്ടുപോകുന്നതും പിന്തുണയില്ലാത്തതും കണക്കിലെടുത്താണ് ഒരുറപ്പും ലഭിക്കാതെ നാണംകെട്ട് പിന്‍വാങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.