ജമ്മുകശ്മീരില്‍ പിഡിപി സഖ്യമുപേക്ഷിച്ച് ബിജെപി

Wednesday 20 June 2018 1:44 am IST
മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കില്ലെന്ന് മെഹബൂബ അറിയിച്ചിട്ടുണ്ട്. അധികാരത്തിന് വേണ്ടിയായിരുന്നില്ല ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍. മോദിയുടെ ജനപിന്തുണയ്‌ക്കൊപ്പം നിന്നുകൊണ്ട് കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ പിഡിപിയുമായുള്ള രാഷ്ട്രീയ സഖ്യം ബിജെപി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചു. മെഹബൂബ സര്‍ക്കാരിലെ ബിജെപി മന്ത്രിമാരെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് സഖ്യമുപേക്ഷിക്കുന്നതായി സഖ്യസര്‍ക്കാരിന്റെ ശില്‍പ്പിയായ രാം മാധവ് പ്രഖ്യാപിച്ചത്. സഖ്യംപിരിഞ്ഞതോടെ മെഹബൂബ മുഫ്തി ഗവര്‍ണ്ണര്‍ എന്‍.എന്‍ വോറയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനാണ് സാധ്യത. 

മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കില്ലെന്ന് മെഹബൂബ അറിയിച്ചിട്ടുണ്ട്. അധികാരത്തിന് വേണ്ടിയായിരുന്നില്ല ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍. മോദിയുടെ ജനപിന്തുണയ്‌ക്കൊപ്പം നിന്നുകൊണ്ട് കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ കായികബലം ഉപയോഗിച്ച് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നയങ്ങളെ പിന്തുണയ്ക്കില്ല, മെഹബൂബ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിച്ച് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് 28 സീറ്റുകള്‍ നേടിയ പിഡിപിയും ജമ്മു, ലഡാക്ക് മേഖലകളില്‍ നിന്നായി 25 സീറ്റുകള്‍ നേടിയ ബിജെപിയും സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് ബിജെപി കശ്മീരില്‍ അധികാരത്തിന്റെ ഭാഗമായത്.

റംസാന്‍ മാസത്തില്‍ ഭീകരവിരുദ്ധ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന മെഹബൂബയുടെ അഭ്യര്‍ത്ഥന അനുസരിച്ച് സൈന്യം നടപടികള്‍ നിര്‍ത്തിയെങ്കിലും ഭീകരരുടെ ഭാഗത്തുനിന്നും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നും കനത്ത ആക്രമണമാണ് നടന്നത്. ഇതേ തുടര്‍ന്ന് റംസാന്‍ മാസം അവസാനിച്ച ഉടന്‍ തന്നെ കശ്മീരില്‍ സൈനിക നടപടികള്‍ പുനരാരംഭിച്ചിരുന്നു. ഇതിനെ പിഡിപി എതിര്‍ത്തതോടെയാണ് സഖ്യം വേര്‍പിരിഞ്ഞത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു വിധ ഒത്തുതീര്‍പ്പിനുമില്ലെന്ന് ബിജെപി മന്ത്രിമാര്‍ വ്യക്തമാക്കി. 

നിലവിലെ ഗവര്‍ണ്ണര്‍ വോറയുടെ കാലാവധി അടുത്ത മാസം അവസാനിക്കുന്നതിനാല്‍ പുതിയ ഗവര്‍ണറുടെ നിയമനവും ഉടനുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.