കാര്‍ഷിക വായ്പ തട്ടിപ്പ് ഫാ. പീലിയാനിക്കല്‍ അറസ്റ്റില്‍

Wednesday 20 June 2018 1:46 am IST
മറ്റു പ്രതികളായ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവര്‍ ഒളിവിലാണ്. കുട്ടനാട് വികസന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ പേരിലാണ് വ്യാപകമായ സാമ്പത്തിക തട്ടിപ്പ് നടന്നത്.

ആലപ്പുഴ: കുട്ടനാട്ടിലെ കോടികളുടെ കാര്‍ഷിക വായ്പ തട്ടിപ്പ് കേസില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് ചുമത്തിയിട്ടുള്ള കുറ്റം. മാമ്പുഴക്കരിയിലെ കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 

 ഹൈക്കോടതിയില്‍ നിന്ന് പീലിയാനിക്കല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം കിട്ടിയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചിന്റെ ജില്ലാ ഓഫീസില്‍ കൊണ്ടുവന്നതിന് ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. നാല് കേസുകളിലാണ് ഇപ്പോള്‍ പ്രതിയാക്കിയിട്ടുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

  മറ്റു പ്രതികളായ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവര്‍ ഒളിവിലാണ്. കുട്ടനാട് വികസന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ പേരിലാണ് വ്യാപകമായ സാമ്പത്തിക തട്ടിപ്പ് നടന്നത്. 

കര്‍ഷകരുടെ പേരില്‍ അവര്‍പോലും അറിയാതെ ബാങ്ക് വായ്പ എടുക്കുക, കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുക തുടങ്ങിയ തന്ത്രങ്ങളിലൂടെ കുട്ടനാട് വികസന സമിതി വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. ചുരുക്കം ചിലര്‍ക്കുമാത്രമാണ് പേരിനെങ്കിലും വായ്പാ തുക കിട്ടിയത്. ബാക്കി പണം എങ്ങോട്ടുപോയെന്നോ ആരു കൈപ്പറ്റിയെന്നോ കര്‍ഷകര്‍ക്കുമറിയില്ല. കുട്ടനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ട് കേസുകള്‍ നിലവിലുണ്ട്.

 കാവാലം സ്വദേശി കെ.സി. ഷാജി നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഫാ. തോമസ് പീലിയാനിക്കലിനെ ഇന്ന് രാമങ്കരി കോടതിയില്‍ ഹാജരാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.