ആലഞ്ചേരി വിളിച്ചു; മിസോറാമിലെ 'ഗവര്‍ണറെ' ക്രിസ്ത്യന്‍ സംഘടനകള്‍ അറിഞ്ഞു

Wednesday 20 June 2018 1:49 am IST
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ച്് ചില സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ കുമ്മനം രാജശേഖരനുമായി സൗഹൃദ സംഭാഷണത്തിനെത്തിയ ശേഷമാണ് മിസോറാമിലെ, ബിഷപ്പിനെ ഫോണില്‍ വിളിച്ച കാര്യം ആലഞ്ചേരി മാധ്യമങ്ങളെ അറിയിച്ചത്.

കൊച്ചി: മിസോറാമിലെ കത്തോലിക്കാ ബിഷപ്പിനെ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫോണില്‍ വിളിച്ചു. ആ ഒരു വിളിയില്‍ തങ്ങളുടെ ഗവര്‍ണര്‍ ആരെന്ന് മിസോറാമിലെ ക്രിസ്ത്യന്‍ സംഘടനകളും മിഷണറിമാരും വ്യക്തമായി അറിഞ്ഞു. എല്ലാ മതങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നയാളാണ് നിങ്ങളുടെ ഗവര്‍ണറായി ചുമതലയേറ്റ കുമ്മനം രാജശേഖരനെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നുമായിരുന്നു ആലഞ്ചേരി മിസോറാമിലെ ക്രൈസ്തവ സംഘടനകളെ അറിയിച്ചത്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍  ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ച്് ചില സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ കുമ്മനം രാജശേഖരനുമായി സൗഹൃദ സംഭാഷണത്തിനെത്തിയ ശേഷമാണ് മിസോറാമിലെ, ബിഷപ്പിനെ ഫോണില്‍ വിളിച്ച കാര്യം ആലഞ്ചേരി മാധ്യമങ്ങളെ അറിയിച്ചത്. സഭയുമായി ഏറ്റവും അടുപ്പമുള്ളയാളാണ് കുമ്മനമെന്നും ആലഞ്ചേരി മിസോറാമിലെ ബിഷപ്പിനെ അറിയിച്ചു. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്നും ആലഞ്ചേരി വ്യക്തമാക്കി. 

മിസോറാം കത്തോലിക്ക ബിഷപ്പ് കുമ്മനത്തിന്റെ സ്ഥാനാരോഹണച്ചടങ്ങിന് ചെന്നിരുന്നു. ഇതിന് പിന്നാലെ ഞാന്‍ ബിഷപ്പിനെ  വിളിച്ചിരുന്നു. കുമ്മനം കേരളത്തില്‍ നിന്നുള്ള ആളാണ്. എല്ലാ മതങ്ങളോടും ജനവിഭാഗങ്ങളോടും ചേര്‍ന്ന് പോകുന്ന ഒരാളാണ്. അതുകൊണ്ടു ബിഷപ്പ് കുമ്മനംജിക്ക് എല്ലാ സഹകരണവും നല്‍കണമെന്നും പറഞ്ഞു. സഭയുമായി സൗഹൃദം പുലര്‍ത്തുന്ന വ്യക്തി ആണ് കുമ്മനം. മിസോറാമിലെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ ഒന്നിച്ചു നിന്ന് കുമ്മനത്തിന് പിന്തുണനല്‍കണമെന്ന് മിസോറാമിലെ കത്തോലിക്ക ബിഷപ്പിനെ ധരിപ്പിച്ചിട്ടുണ്ട്. ഇനി ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും ആലഞ്ചേരി പറഞ്ഞു.

തന്റെ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത് ദീപികയിലായിരുന്നു. അന്നുമുതലേ കുമ്മനവുമായി അടുപ്പമുണ്ട്. ആ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ വന്ന് എല്ലാ വിജയങ്ങളും ആശംസിച്ചു എന്നുമാത്രം. ഭാരതത്തില്‍ വിവിധ  മതങ്ങളും സംസ്‌കാരങ്ങളും ഒന്നിച്ചുപോകേണ്ടത് ഏത് സര്‍ക്കാര്‍ ഭരിച്ചാലും ആവശ്യമാണ്. ആ ചിന്ത കുമ്മനത്തിന്റെ ഉള്ളിലുണ്ട്. അതുകൊണ്ട് കൂടുതല്‍ അടുപ്പവും സൗഹൃദവും തോന്നിയിരുന്നു.  കുമ്മനം രാജശേഖരന്‍ വിളമ്പി നല്‍കിയ ഊണ് കഴിച്ചാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് ആലഞ്ചേരി മടങ്ങിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.