ശ്രീജിത്തിന്റേത് ആദ്യ കസ്റ്റഡിമരണമല്ലെന്ന് മുഖ്യമന്ത്രി

Wednesday 20 June 2018 10:59 am IST

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുമ്പ്​ ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭയില്‍ വി.ഡി സതീശന്റെ സബ്‌മിഷന്​ മറുപടി പറയുകയായിരുന്നു പിണറായി.

വി.ഡി സതീശന്‍ വിഷയം സബ്‌മിഷനായി ഉന്നയിച്ചു. കേസിന്റെ തുടക്കം മുതല്‍ എസ്.പിയെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്​സതീശന്‍ ആരോപിച്ചു. റൂറല്‍ ടൈഗര്‍ ഫോഴ്സിന്​ എസ്​.പിയുടെ നിര്‍ദേശമില്ലാതെ പ്രവര്‍ത്തിക്കാനാകില്ല. കേസില്‍ മറ്റു ​പോലീസുകാരെല്ലാം പ്രതിയാണ്, റൂറല്‍ എസ്​.പി മാത്രം കുറ്റക്കാരനല്ല എന്ന നിലപാട്​ അംഗീകരിക്കാനാകില്ലെന്നും സതീശന്‍ വ്യക്തമാക്കി. കേസ്​ അട്ടിമറിക്കാനാണ്​എ.വി ജോര്‍ജിനെ രക്ഷിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ആലുവ മുന്‍ റൂറല്‍ എസ്​.പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച്‌​നിയമോപദേശം തേടിയത്​സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ ആരുടെയെങ്കിലും പങ്ക്​തെളിഞ്ഞാല്‍ പ്രത്യേകാന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കും. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ശ്രീജിത്തിന്റെ കുടുംബം സിബിഐ അന്വേഷണമാണ്​ആവശ്യപ്പെട്ടതെന്ന്​പ്രതിപക്ഷ നേതാവ്​രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച്‌​ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷ ആവശ്യം നേരത്തെ സ്പീക്കര്‍ തള്ളിയിരുന്നു. കേസില്‍ റൂറല്‍ എസ്​.പി എ.വി ജോര്‍ജിനെ കുറ്റവിമുക്തനാക്കിയ വിഷയം സഭ നിര്‍ത്തി വെച്ച്‌​ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ നിയമോപദേശം സഭ നിര്‍ത്തിവച്ച്‌​ ചര്‍ച്ച ചെയ്യാനാകില്ലെന്ന്​സ്പീക്കര്‍ വ്യക്തമാക്കി. ഇക്കാര്യം ചട്ടങ്ങളിലില്ലെന്ന്​ പ്രതിപക്ഷ നേതാവ്​രമേശ്​ ചെന്നിത്തലയും പറഞ്ഞു. ഇതു സംബന്ധിച്ച്‌​ രൂക്ഷമായ വാക്കേറ്റം പ്രതിപക്ഷവും സ്പീക്കറും തമ്മിലുണ്ടായി. തുടര്‍ന്ന്​ വിഷയം ആദ്യ സബ്​മിഷനായി ഉന്നയിക്കാമെന്ന്​ സ്പീക്കര്‍ നിര്‍ദേശിക്കുകയും പ്രതിപക്ഷം അതംഗീകരിക്കുകയും ചെയ്യുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.