2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

Wednesday 20 June 2018 11:55 am IST

ന്യുദല്‍ഹി: കാര്‍ഷിക വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായാണ് തന്റെ സര്‍ക്കാര്‍ കൃഷിയ്ക്കുള്ള ബജറ്റ് വിഹിതം 2.12 ലക്ഷം കോടിയായി ഉയര്‍ത്തിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തെ 600ജില്ലകളിലെ കര്‍ഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണം. അതിനായി ആവശ്യമായ മേഖലയില്‍ ശരിയായ സഹായം എത്തിക്കണം. രാജ്യത്തെകര്‍ഷകരില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. ചെലവ് കുറച്ച്‌ കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുക, വിളകള്‍ക്ക് ന്യായവില, കൃഷിനാശം തടയുക, മറ്റ് വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് സര്‍ക്കാര്‍ നയത്തിന്റെ നാല് മൂലക്കല്ലുകള്‍ എന്നും മോദി പറഞ്ഞു. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യുപിഎ ഭരണവുമായി തട്ടിച്ചുനോക്കുമ്പോള്‍ തന്റെ സര്‍ക്കാര്‍ നാലു വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക ബജറ്റ് വിഹിതം ഇരട്ടിയാക്കി 2.12 ലക്ഷം കോടിയാക്കി ഉയര്‍ത്തി. 2018-29 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന്റെ 150% വില ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 

ഭക്ഷ്യധാന്യത്തിന്റെ ഉത്പാദനത്തില്‍ മാത്രമല്ല, പാല്‍, പഴം, പച്ചക്കറി എന്നിവയുടെ ഉത്പാദനത്തിലും ഇന്ത്യ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2010-2014 വര്‍ഷങ്ങളില്‍ ഉത്പാദിച്ചത് 250 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമായിരുന്നു. എന്നാല്‍ 2017-18 വര്‍ഷത്തില്‍ മാത്രം അത് 280 ദശലക്ഷം ടണ്‍ ആയി വര്‍ധിച്ചു. പരിപ്പ് വര്‍ഗങ്ങളുടെ ഉത്പാദനത്തില്‍ 10.5% വര്‍ധനവുണ്ടായി.

വിത മുതല്‍ വിളപ്പെടുപ്പ് വരെ കര്‍ഷകരെ സഹായിക്കുന്നതാണ് സര്‍ക്കര്‍ നയം. വിത്ത് മുതല്‍ വിപണി വരെ കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കുന്നു. മണ്ണിന്റെ ഘടന മനസ്സിലാക്കി വളപ്രയോഗത്തിനായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തി. നല്ലയിനം വിത്ത് ഉത്പാദിപ്പക്കുന്നത് കര്‍ഷകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കി. വളം കരിഞ്ചന്തയില്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചതോടെ അവ കര്‍ഷകര്‍ക്ക് യഥേഷ്ടം ലഭ്യമായി. 

കര്‍ഷകരുടെ വിളകള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമായ ഇ-നാം ആരംഭിച്ചു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണിയില്‍ എത്തിക്കാന്‍ ഇതുവഴി കര്‍ഷകര്‍ക്ക് കഴിയുന്നുവെന്നും മോദി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.