അര്‍ബുദത്തെ കീഴ്‌പ്പെടുത്താന്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യം: എം.മുകുന്ദന്‍

Wednesday 20 June 2018 4:32 pm IST

 

കണ്ണൂര്‍: മഹാവ്യാധിയായ അര്‍ബുദത്തെ കീഴ്‌പ്പെടുത്താന്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനുവാര്യമാണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. അര്‍ബുദത്തിന്റെ അതിജീവനത്തിനായി കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കഴിഞ്ഞ 30 വര്‍ഷമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി തയ്യാറാക്കിയ കാന്‍സറിനെ കീഴ്‌പ്പെടുത്താം നമുക്ക് കൂട്ടായി എന്ന കൈപ്പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. കാന്‍സര്‍ നേരത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍, കാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാന്‍സര്‍ ചികിത്സ, പുനരധിവാസം എന്നീ വിഷയങ്ങളില്‍ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന കൈപ്പുസ്തകത്തില്‍ കാന്‍സറിന്റെ അതിജീവനത്തിന്റെ വിജയകഥകളും അനുഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മലബാറിലെ അഞ്ച് ജില്ലകളിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ വീടുകളില്‍ സൗജന്യമായി നല്‍കുന്ന ഈ കൈപ്പുസ്തകം സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാകും. കൈപ്പുസ്തകത്തിന്റെ ആദ്യപതിപ്പ് കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ.ഹാരിസിന് നല്‍കി എം.മുകുന്ദന്‍ പ്രകാശനം ചെയ്തു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഡി.കൃഷ്ണനാഥപൈ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഡയരക്ടര്‍ ഡോ.വി.സി.രവീന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഡയരക്ടര്‍ ഡോ.കെ.ശ്രീജിത്ത്, ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് മെഡിക്കല്‍ ഡയരക്ടര്‍ ഡോ.സുചിത്ര സുധീര്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ബി.വി.ഭട്ട് സ്വാഗതവും ടി.എ.ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.