ഓട്ടോത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടി: ബിഎംഎസ്

Wednesday 20 June 2018 4:33 pm IST

 

കണ്ണൂര്‍: സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നിലപാടുകള്‍ കാരണം ഓട്ടേത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയെന്ന് ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എം.വേണുഗോപാല്‍. ഓട്ടോച്ചാര്‍ജ് മിനിമം 25 രൂപയാക്കുക, ക്ഷേമനിധി ആനുകൂല്യം പരിഷ്‌കരിക്കുക, ഓട്ടോത്തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ബാധകമാക്കുക, പെട്രോള്‍ ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് കണ്ണൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അസംഘടിത മേഖലയിലുള്‍പ്പടെ സേവന വേതന വ്യവസ്ഥകള്‍ ഓരോ വര്‍ഷവും അധികൃതര്‍ വര്‍ധനവ് വരുത്താറുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ കഴിഞ്ഞ നാല് വര്‍ഷമായി ഓട്ടോ ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടില്ല. രണ്ട് വര്‍ഷത്തിനിടെ കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടായിട്ടുള്ളത്. ചില സാധനങ്ങളുടെ വില നൂറ് ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ദുരിതപൂര്‍ണ്ണമായ ജീവിതമാണ് ഓട്ടോത്തൊഴിലാളികള്‍ നയിക്കുന്നത്. രാവും പകലും ജോലി ചെയ്താലും ജീവിക്കാനാവശ്യമായ വരുമാനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ്, ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധനവ് തുടങ്ങിയവയാണ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം. സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിച്ച് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ബിഎംഎസ് ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. 

എം.ബാലന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ.ശ്രീജിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന്‍, ഷമീര്‍ ലാല്‍, പി.മോഹനന്‍, പി.രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒ.വിവേക് സ്വാഗതവും സി.കെ.ശശികുമാര്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.