പയ്യാമ്പലം ശ്മശാനം വിറകുമായി കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാര്‍ച്ച്

Wednesday 20 June 2018 4:33 pm IST

 

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ശ്മശാനത്തിനോടുള്ള അധികൃതരുടെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തത്തേക്ക് പ്രധിഷേധ മാര്‍ച്ചും ധര്‍ണ്ണാസമരവും സംഘടിപ്പിച്ചു. 

ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി സി.ഷൈനു ഉദ്ഘാടനം ചെയ്തു. പയ്യാമ്പലം ശ്മശാനത്തിനോട് അധികൃതര്‍ കാണിക്കുന്നത് മനുഷ്യത്വമില്ലാത്ത നിലപാടാണെന്ന് ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഷൈനു പറഞ്ഞു. കെ.ജി.മാരാര്‍ജി ഉള്‍പ്പടെയുള്ള മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചരിത്ര പ്രാധാന്യമുള്ള പയ്യാമ്പലം ശ്മശാനത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. ഏതെങ്കിലും സമൂഹത്തിന് മൃതശരീരം തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ഹൈന്ദവ സമൂഹത്തിന് മാത്രമാണ്. പയ്യാമ്പലം ശ്മശാനത്തിന്റെ അവസ്ഥ ഇന്ന് അതിദയനീയമാണ്. പയ്യാമ്പലത്ത് വൈദ്യുതി ശ്മശാനം ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കേവലം കെട്ടിടം മാത്രമേ ഉള്ളൂ. കോര്‍പറേഷന്റെ പിടിപ്പുകേടാണ് ഇത് വ്യക്തമാക്കുന്നത്. ശ്മശാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ മറ്റ് ജില്ലകളില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറാകണം. 

പയ്യാമ്പലം ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നാമമാത്രമായ വേതനം മാത്രമേ നല്‍കുന്നുള്ളു. ഇവരുടെ തൊഴില്‍ സംരക്ഷിക്കാന്‍ എന്ത് നടപടിയാണ് കോര്‍പറേഷന്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കണം. ശ്മശാനത്തില്‍ ജോലി ചെയ്യുന്നവരെയും കോര്‍പ്പപറേഷന്‍ ജീവനക്കാരായി കാണാന്‍ അധികൃതര്‍ തയ്യാറാകണം. ദുരന്തങ്ങള്‍ വരുന്ന സമയത്ത് അത്തരം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇവര്‍ക്ക് പരിശീലനം നല്‍കണം. ശ്മശാനത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകാന്‍ ദീര്‍ഘകാലമായി പയ്യാമ്പലത്ത് ദഹനക്രിയ ചെയ്ത തീയ്യസമുദായ ശവസംസ്‌കാര കമ്മറ്റിയെ പ്രവര്‍ത്തനമേല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് വി.മണിവര്‍ണ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കെ.ജി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സി.സി.രതീഷ്, മഹേഷ് പള്ളിക്കുന്ന്, സുഗേഷ്, ഷൈന പ്രശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.ശ്യാംമോഹന്‍ സ്വാഗതവും സതീശന്‍ എളയാവൂര്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.