വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരു തുമ്പും കിട്ടാതെ ധര്‍മ്മടം പോലീസ്

Wednesday 20 June 2018 4:35 pm IST

 

തലശ്ശേരി: കൊടുവള്ളിയില്‍ പടക്കം വാങ്ങാനെത്തിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി വഴിയില്‍ തള്ളിയെന്ന സംഭവത്തിലെ ദുരൂഹതകള്‍ നീക്കാനാവാതെ കേസന്വേഷണവുമായി ധര്‍മ്മടം പോലിസ് നട്ടം തിരിയുന്നു. 

ഇക്കഴിഞ്ഞ 11 ന് രാവിലെ പത്തരയോടെയാണ് കക്കട്ടിലെ പഴ വ്യാപാരി ചൊക്ലി കാട്ടിലെ പിടികയിലെ അലിഗറില്‍ അബ്ദുള്‍ മജീദിനെ (65) കൊടുവള്ളി ലക്ഷ്മി ടിമ്പര്‍ കമ്പനിപ്പരിസരത്ത് വച്ച് വെള്ളകാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയിരുന്നത്. കൊടുവള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ റോഡിലൂടെ പോയ കാറില്‍ നിന്നും ബഹളം വച്ചതോടെ തന്നെ ചേറ്റംകുന്നിനടുത്ത് ഇറക്കിവിട്ടുവെന്നാണ് മജിദ് തന്നെ പോലിസിന് മൊഴി നല്‍കിയത്. കൈയ്യിലുണ്ടായിരുന്ന 2000 രൂപയും മൊബൈല്‍ ഫോണും വാങ്ങിയിരുന്നെങ്കിലും ഇടക്ക് തിരിച്ചു തന്നു. ഉപദ്രവിച്ചതുമില്ല. ഇതിനാല്‍ പരാതിയില്ലെന്ന നിലപാടായിരുന്നു മജീദിന്. പരാതി നല്‍കാന്‍ കൂട്ടാക്കാത്തതിനാല്‍ പോലിസ് ഇയാളെ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. എന്നാല്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പ്രചരിച്ചതോടെ കാറിലെത്തിയ സംഘത്തെ കണ്ടെത്തണമെന്ന സമ്മര്‍ദ്ദം ധര്‍മ്മടം പോലീസിന് നേരിടേണ്ടി വന്നു. ഇതോടെ കേസെടുക്കാതെ വിട്ടയച്ചയാളെ വിളിച്ചുവരുത്തി കേസെടുക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോകല്‍ നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ വെളുത്ത കാറിന്റെ പിന്നാലെയായി അന്വേഷണം. ദൃശ്യത്തില്‍ നമ്പര്‍ പതിയാത്തത് കാരണം മുന്നോട്ട് പോവാനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.