കാര്‍ഷിക വരുമാനം ഇരട്ടിയാക്കാന്‍ ബജറ്റ് വിഹിതം ഇരട്ടിപ്പിച്ചു: മോദി

Thursday 21 June 2018 2:38 am IST

ന്യൂദല്‍ഹി: കാര്‍ഷിക വരുമാനം 2022ഓടെ ഇരട്ടിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി കാര്‍ഷിക ബജറ്റ് വിഹിതം 2.21 കോടിയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ 600 ജില്ലകളില്‍ നിന്നുള്ള കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിക്കുകയായിരുന്നു  പ്രധാനമന്ത്രി.

കൃഷിയില്‍ നിന്നും വരുമാനം കൂട്ടാന്‍  നാലു കാര്യങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. പരമാവധി ചെലവ് കുറയ്ക്കുക, വിളയുടെ ന്യായവില വര്‍ധിപ്പിക്കുക, വിളനാശം തടയുക, വരുമാനത്തിന്റെ ഇതര സ്രോതസ്സുകള്‍ സൃഷ്ടിക്കുക എന്നിവ. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് ആവശ്യമായ മേഖലയില്‍ ശരിയായ സഹായം എത്തിക്കണം. കര്‍ഷകരില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. 

വിത്ത് പാകുന്നതു മുതല്‍ വിള മാര്‍ക്കറ്റിലെത്തുന്നതു വരെ കര്‍ഷകര്‍ക്കായി എല്ലാ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കും. മാത്രമല്ല മണ്ണിന്റെ ഫലഭൂയിഷ്ഠി വ്യക്തമാക്കുന്ന കാര്‍ഡ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഗുണനിലവാരമുള്ള വിത്തു വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കും. വളത്തിന്റെ കരിഞ്ചന്ത വില്‍പന തടയുന്നതിനു പുറമെ കുറഞ്ഞവിലയില്‍ ആവശ്യാനുസരണം വളം ലഭ്യമാകുന്നതിനുളള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ഉത്പന്നത്തിന്റെ ന്യായവില ഉറപ്പാക്കാനും ഇടനിലക്കാരെ ഒഴിവാക്കാനുമായി ഓണ്‍ലൈന്‍ വിപണന സംവിധാനം  ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യധാന്യങ്ങള്‍ മാത്രമല്ല, പാല്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി എല്ലാ വിളകളുടെയും വിളവെടുപ്പ് മുന്‍പുണ്ടായതിനേക്കാള്‍ കൂടുതലാണ്. 2017-18 ല്‍ 280 മില്ല്യണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഉത്പാദിപ്പിച്ചത്. 2010-14 കാലയളവില്‍ 250 മില്ല്യണാണ് ഉത്പാദിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.