അട്ടപ്പാടിയില്‍ വ്യാപക മതംമാറ്റം; ഊരടം ഊര് ഒന്നാകെ മാറി

Thursday 21 June 2018 2:46 am IST

പാലക്കാട്:അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ വ്യാപക മതംമാറ്റം.വനവാസികളെയും കുടിയേറ്റക്കാരെയും പ്രലോഭിപ്പിച്ചാണ് ചില ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനം. ഇതിനു തയ്യാറാകാത്തവര്‍ക്കെതിരെ ഭീഷണിയും കൈയേറ്റശ്രമവുമുണ്ട്.

 സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില സര്‍ക്കാരിതര സംഘടനകളാണ് ഇതിനു പിന്നില്‍. ചില  രാഷ്ട്രീയക്കാരുടെ ഒത്താശയും ഇവര്‍ക്കുണ്ട്.  വനവാസികളുടെ ദൗര്‍ബല്യം മുതലെടുത്തും കുടിയേറ്റക്കാര്‍ക്ക് ഭൂമി സ്വന്തമാക്കാനുള്ള സഹായം നല്‍കിയുമാണ് ഇവരുടെ പ്രവര്‍ത്തനം. വിവിധ സഭകള്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെന്തക്കോസ്തു സഭകളാണ് മതംമാറ്റം ശക്തമായി നടത്തുന്നത്.

192 ഊരുകളുള്ള അട്ടപ്പാടിയില്‍ ഒരു ഗ്രാമം പൂര്‍ണമായും മതമാറ്റപ്പെട്ടു. യാത്രാ, സ്‌കൂള്‍ സൗകര്യമില്ലാതെ തമിഴ്‌നാട് അതിര്‍ത്തിയോട്  കിടക്കുന്ന ചെറിയ ഊരാണ് ഊരടം. ഇവിടെയുള്ള 25 കുടുംബങ്ങളില്‍ 24 കുടുംബങ്ങളെയും മതം മാറ്റി. സഭയുടെ നേതൃത്വത്തില്‍ ഇവരെ പുതൂര്‍ പഞ്ചായത്തിലെ ചാവടിയില്‍ വാടകയ്ക്ക് താമസിപ്പിച്ചിരിക്കുകയാണ്. 

ആനക്കട്ടി,ചാളയൂര്‍, അഗളി, ചിറ്റൂര്‍, പോത്തുപ്പടിയിലെ കുച്ചുമേട് ജെല്ലിപ്പാറ എന്നീ ഊരുകളിലാണ് പെന്തകോസ്ത് സഭയുടെ പ്രവര്‍ത്തനം ശക്തം. തുച്ഛമായ ശമ്പളത്തിന് ജോലി, മക്കളുടെ വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്താണ് മതംമാറ്റം.  ക്രൈസ്തവ സഭയുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുന്നത് കഴുത്തില്‍ കൊന്തയുമായാണ്. അട്ടപ്പാടിയിലെ പ്രധാന വനവാസി ഗോത്രവിഭാഗങ്ങളാണ് മുഡുക, ഇരുള, കുറുമ്പ. മുഡുക വിഭാഗത്തിലെ പകുതിയിലധികം പേരെയും മതംമാറ്റി. 

മതംമാറ്റത്തെ  എതിര്‍ത്ത കുടിയേറ്റക്കാരനായ ഒരു കുടുംബനാഥനെ കഴിഞ്ഞദിവസം  ഒരു സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥിരമായി എത്തി  മതംമാറാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് എതിര്‍ത്തത്. ഭാര്യയും അമ്മയും മതംമാറാന്‍ തയ്യാറായെങ്കിലും അദ്ദേഹം എതിര്‍ത്തു. ഇത്  ഫെയ്‌സ്ബുക്കിലിട്ട യുവാവിനെ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തി. കുടുംബനാഥനും, യുവാവും നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം അഗളി സ്റ്റേഷനില്‍ കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നു. എഎസ്പി സുജിത്ദാസിന്റെയും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ബാബുവിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇനി പരാതിക്കാരന്റെ വീട്ടില്‍ പോവുകയോ, മതം മാറാന്‍ നിര്‍ബന്ധിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന് താക്കീത് നല്‍കി വിട്ടയച്ചു.  

കുടിയേറ്റക്കാര്‍ ഏറെയുള്ള ജെല്ലിപ്പാറയിലെ പകുതിയിലേറെപ്പേരും മതം മാറി. ഏക്കര്‍ കണക്കിന് വനം വെട്ടിത്തെളിച്ച് കൃഷി നടത്തിയിരുന്ന ഇവര്‍ക്ക് ഈ  ഭൂമി സ്വന്തമാക്കാനുള്ള എല്ലാ സഹായങ്ങളും നല്‍കുന്നത് സഭകളാണ്. പിന്തുണയുമായി ചില രാഷ്ട്രീയക്കാരുമുണ്ട്. 1951നു ശേഷം കുടിയേറ്റം തുടങ്ങിയതോടെയാണ് അട്ടപ്പാടിയുടെ മുഖച്ഛായ മാറുന്നത്.

 ക്രൈസ്തവ കുടിയേറ്റക്കാരാണ്  അട്ടപ്പാടിയുടെ സ്വഭാവം തന്നെ മാറ്റിമറിച്ചത്. ഗോത്രവര്‍ഗത്തിന്റെ പരമ്പരാഗത വിളകള്‍ക്കു പകരം കുടിയേറ്റ കര്‍ഷകര്‍ കാപ്പിയും കുരുമുളകും കപ്പയുമെല്ലാം  വിളയിച്ചെടുത്തു. ആറു പതിറ്റാണ്ടിനിടെ മലയോര കര്‍ഷകരുടെ വന്‍തോതിലുള്ള കുടിയേറ്റമാണ് അട്ടപ്പാടിയിലേക്ക് ഉണ്ടായത്. 1951ല്‍ 1,100 കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്.  2018 ആയതോടെ ഇത് കാല്‍ലക്ഷത്തോളമായി. ഇവരില്‍ പകുതിയോളം പേരും മതംമാറി. ഇത്തരം സംഭവങ്ങള്‍ തുടരര്‍ന്നാല്‍  അട്ടപ്പാടിയിലെ വനവാസികള്‍ പൂര്‍ണമായും അവരുടെ സംസ്‌കാരത്തില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അകലും.മാത്രമല്ല പലഗ്രോത്രങ്ങളും  ഇല്ലാതാകും.

സിജ പി.എസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.