വയനാട് ചുരം ബദല്‍ റോഡുകള്‍ കടലാസ്സില്‍

Thursday 21 June 2018 2:47 am IST

കല്‍പ്പറ്റ: കനത്ത മഴയില്‍ വയനാട് ചുരത്തില്‍ ഗുരുതരമായ ഗതാഗത പ്രശ്‌നമുണ്ടായപ്പോള്‍ ബദല്‍ റോഡുകലെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി. രണ്ടു പതിറ്റാണ്ടു മുമ്പ് പത്തു കോടി രൂപ മുടക്കിയ ബദല്‍ റോഡ് പാതിവഴിയില്‍. 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ച് നിലച്ചുപോയ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് പ്രധാന തടസ്സം സര്‍ക്കാരും ജനപ്രതിനിധികളുമാണ്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപ്പാതയ്ക്കായുള്ള മുറവിളി വീണ്ടും ശക്തമായി. ചുരത്തിനു ബദലായി അഞ്ച് പാതകളുടെ നിര്‍ദ്ദേശമാണ് നേരത്തേ ഉയര്‍ന്നിരുന്നത്. 

ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍ എന്നിങ്ങനെയായിരുന്നു നിര്‍ദേശങ്ങള്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാത സമീപകാലത്തുണ്ടായ  മറ്റൊരു നിര്‍ദേശമാണ്. ബദല്‍ പാതകളില്‍  പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് പദ്ധതിക്ക് രണ്ട് പതിറ്റാണ്ടിലേറെയാണ് പഴക്കം. 16.79 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോകേണ്ട ഈ പാതയുടെ നിര്‍മാണ ഉദ്ഘാടനം വര്‍ഷങ്ങള്‍ മുന്‍പ് നടത്തിയതാണ്. 

റോഡ് നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വനഭൂമിക്ക് പകരം ഭൂമിയും ഗുണഭോക്താക്കള്‍ കണ്ടെത്തി വനം വകുപ്പിന് കൈമാറിയിരുന്നു. എന്നിട്ടും റോഡ് നിര്‍മ്മാണത്തിനു ആവശ്യമായ വനഭൂമി  വിട്ടു കൊടുത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയില്ല. തടസങ്ങള്‍ നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി പ്രക്ഷോഭം തുടരുകയാണ്. ജനകീയ സമിതി മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കിയെങ്കിലും റോഡു പണിക്കായി വനഭൂമി വിട്ടു കിട്ടുന്നതിനു സര്‍ക്കാര്‍തലത്തില്‍ ഊര്‍ജിത നീക്കമില്ല. ദേശീയപാത 212ല്‍ താമരശേരി ചുരത്തിലെ രണ്ടാം വളവില്‍ ആരംഭിച്ച് തളിപ്പുഴ വഴി പൂക്കോട് ബസ്‌സ്റ്റോപ്പിന് സമീപം എത്തുന്ന ചിപ്പിലിത്തോട്- മരുതിലാവ് -തളിപ്പുഴ റോഡ് ആന്വിറ്റി സ്‌കീമില്‍ ടെന്‍ഡര്‍ ചെയ്യുമെന്ന് മുന്‍സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും കേന്ദ്രാനുമതി നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു.  

ചുരം ബദല്‍ റോഡ് നിര്‍മ്മാണ പദ്ധതികളെ സംസ്ഥാന സര്‍ക്കാര്‍ കൈവിട്ട മട്ടാണ്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാത നിര്‍മ്മാണ പദ്ധതിയുമായി ഭരണകക്ഷിയില്‍പ്പെട്ടവര്‍ രംഗത്തുവന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. തുരങ്കപാതയ്ക്ക് കഴിഞ്ഞ ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.