പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിക്ക് കീഴിലാക്കാന്‍ കേന്ദ്രം; ചരക്കുസേവന നികുതിയും വാറ്റും സംയോജിപ്പിക്കും

Thursday 21 June 2018 2:47 am IST

ന്യൂദല്‍ഹി: പെട്രോൡനെയും ഡീസലിനെയും ചരക്കു സേവന നികുതിക്ക് കീഴിലാക്കാനുള്ള തീരുമാനവുമായി കേന്ദ്രധന-പെട്രോളിയം മന്ത്രാലയങ്ങള്‍ മുന്നോട്ട്. ജിഎസ്ടിയുടെ ഉയര്‍ന്ന നിരക്കായ 28 ശതമാനം സ്ലാബിലായിരിക്കും പെട്രോളും ഡീസലും ഉള്‍പ്പെടുത്തുക. ഇതിന് പുറമേ സംസ്ഥാന ലെവിയായ വില്‍പ്പന നികുതി കൂടി ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. 

ഇന്ധനങ്ങള്‍ക്ക് മേല്‍ ജിഎസ്ടി മാത്രമായി ചുമത്തുന്ന രീതി ലോകത്തൊരിടത്തും നിലവിലില്ലെന്ന് കേന്ദ്രധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജിഎസ്ടിക്ക് പുറമേ മറ്റു ചില ലെവികള്‍ കൂടി ഇന്ധനങ്ങളില്‍ വരാറുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലും സമാന മാതൃകയിലുള്ള നികുതി ഘടനയായിരിക്കും നിലവില്‍ വരിക. ജിഎസ്ടിയുടെയും വാറ്റിന്റെയും സംയുക്ത രൂപത്തിലുള്ള നികുതിയാവും പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തുക. 

നിലവില്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്ര എക്‌സൈസ് നികുതി ഇനത്തില്‍ ഈടാക്കുന്നത്. ഇതിന് പുറമേ സംസ്ഥാനങ്ങള്‍ മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) കൂടി ഇന്ധനങ്ങള്‍ക്ക് ചുമത്തുന്നു. മുംബൈയില്‍ പെട്രോളിന് 39.12 ശതമാനമാണ് വാറ്റ് ഈടാക്കുന്നത്. കേന്ദ്രസംസ്ഥാന നികുതികള്‍ പെട്രോളിന് 45-50 ശതമാനവും ഡീസലിന് 35-40 ശതമാനവുമാണ്. 

നിലവിലെ ജിഎസ്ടി നിരക്കുകള്‍ 5,12,18,28 എന്നിങ്ങനെയാണ് ഇതില്‍ പരമാവധി ഉയര്‍ന്ന സ്ലാബായ 28ല്‍ ഇന്ധനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ശതകോടികളുടെ വരുമാന നഷ്ടമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടേണ്ടിവരുന്നത്. ഇതിനാലാണ് ജിഎസ്ടിക്ക് പുറമേ സംസ്ഥാന വാറ്റ് കൂടി ഇന്ധനങ്ങളില്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പദ്ധതിരേഖ കേന്ദ്രധനമന്ത്രാലയം സമര്‍പ്പിച്ചേക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.