അന്താരാഷ്ട്ര യോഗാദിനം ഇന്ന്; പ്രധാനമന്ത്രി ഡെറാഡൂണില്‍ നേതൃത്വം നല്‍കും

Thursday 21 June 2018 2:49 am IST

ന്യൂദല്‍ഹി: നാലാമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെറാഡൂണില്‍ നയിക്കും. ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കും. വേദിയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍, വൈദ്യസഹായം എന്നീ സേവനങ്ങള്‍ ലഭ്യമാക്കുവാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥര്‍. 450 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസ്സിന്റെ 2.5 ഹെക്ടര്‍ വനമാണ്. 

 ക്യാമ്പസ് പരിസരത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിച്ചുവരികയാണെന്നും ഡെറാഡൂണ്‍ ഡിഎഫ്ഒ രാജീവ് ദിമന്‍ അറിയിച്ചു.  ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കായി പ്രത്യേക ബസ് സര്‍വീസുണ്ടാകുമെന്നും സ്വന്തം വാഹനങ്ങള്‍ക്ക് പകരം ഈ സൗകര്യം ഉപയോഗിക്കുന്നതാകും അഭികാമ്യമെന്നും ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന ചീഫ് സെക്രട്ടറി ഉത്പല്‍ കുമാര്‍ അറിയിച്ചു. കോമണ്‍ യോഗ പ്രോട്ടോകോളിന്റെ അംഗീകാരമുള്ള യോഗാസനങ്ങളാണ് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി അഭ്യസിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം യോഗാദിനത്തില്‍ ലക്‌നൗവിലെ രമാഭായ് അംബേദ്കര്‍ സഭാ സ്ഥലില്‍ പ്രധാനമന്ത്രി നയിച്ച  യോഗാഭ്യാസ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. 5000 വര്‍ഷത്തെ പാരമ്പര്യമുള്ള യോഗയെ ആഗോളതലത്തില്‍ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു 2014 ല്‍ ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 ലോക യോഗ ദിവസമായി പ്രഖ്യാപിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.